Kerala
ഒരു സുകുമാരക്കുറുപ്പല്ല, ഇതിപ്പോള്‍ കുറേയുണ്ട്; ഇത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സുകുമാരക്കുറുപ്പുമാര്‍
കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയതായി മലയാളം ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിറകെ സോഷ്യല്‍ മീഡിയയില്‍ സുകുമാരക്കുറുപ്പിന്റെ പേരില്‍ ഒന്നിലധികം പ്രൊഫൈലുകള്‍. ഇന്ന് പകലായിരുന്നു സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിവിധ മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പിന്റെ പേരില്‍ ആക്ഷേപ ഹാസ്യ സ്വഭാവമുള്ള പ്രൊഫൈലുകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടത്.
സുകുമാരക്കുറുപ്പ് ഹൃദയാഘാതം വന്ന് മരിച്ചിരിക്കാമെന്ന് കണ്ടെത്തിയതിനാല്‍ പൊലീസ് ആ കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) രാവിലെ ഒരു മലയാളം ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ വ്യാജ പേരില്‍ സുകുമാരക്കുറുപ്പ് ജീവിക്കുന്നു എന്ന തരത്തിലായിരുന്നു മറ്റ് രണ്ട് ചാനലുകളുടെ റിപ്പോര്‍ട്ട്. സുകുമാരക്കുറുപ്പാണെന്ന് കരുതുന്ന ഒരാളുടെ ചിത്രവും ഈ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
സുകുമാരക്കുറുപ്പിന്റെ സമീപകാല ചിത്രമെന്ന് പറഞ്ഞ്് ചാനലുകള്‍ പുറത്തുവിട്ട ചിത്രമാണ് ഇന്ന് വൈകിട്ടോടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുകുമാരക്കുറുപ്പ് പ്രൊഫൈലുകളില്‍ മിക്കതിന്റെയും പ്രൊഫൈല്‍ പിക്ചര്‍. ചില അക്കൗണ്ടുകള്‍ സുകുമാരക്കുറുപ്പിന്റെ പഴയ കാല ചിത്രവും പ്രൊഫൈല്‍ പിക്ചറായി നല്‍കിയിരിക്കുന്നു.
സുകുമാരക്കുറുപ്പ് എന്ന പേരിലും സുകുമാരക്കുറുപ്പ് ബ്രൂണെ എന്ന പേരിലും ഇത്തരം പ്രൊഫൈലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു പ്രൊഫൈലില്‍ കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗം എന്ന പേരില്‍ ഒരു എ.ഐ ജെനറേറ്റഡ് പോസ്റ്ററും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന് പകരം റിയല്‍ സുകുമാരക്കുറുപ്പ് അഭിനയിക്കുന്ന കുറുപ്പ് -2 എന്ന തരത്തിലാണ് പോസ്റ്റര്‍.
സുകുമാരക്കുറുപ്പും മാവേലിയും ഒരുമിച്ചുള്ള എ.ഐ ജെനറേറ്റഡ് വീഡിയോയും ഈ അക്കൗംണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത് സുകുമാരക്കുറുപ്പ് ഓണം ആഘോഷിക്കുന്നതിന്റെ എ.ഐ. ജെനറേറ്റഡ് ചിത്രങ്ങളാണ്. ഒരു പ്രൊഫൈലില്‍ പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ സുകുമാരക്കുറുപ്പ് ലോകകപ്പ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയതിന്റെ എ.ഐ ജെനറേറ്റഡ് ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രം സുകുമാരക്കുറുപ്പിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ പൊലീസില്‍ നിന്നോ ആഭ്യന്തര വകുപ്പില്‍ നിന്നോ സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. സുകുമാരക്കുറുപ്പ് മറ്റൊരു രാജ്യത്ത് വേറെ പേരില്‍ ജീവനോടെയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ് പറഞ്ഞതായി ചില മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.സുകുമാരക്കുറുപ്പ് മരണപ്പെട്ടതായി താന്‍ വിശ്വസിക്കുന്നില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേസില്‍ പോലീസിന്റെ ഭാഗത്ത് പലപ്പോഴും വീഴ്ച സംഭവിച്ചതാായും അലി അക്ബര്‍ ആരോപിച്ചിരുന്നു.
Content Highlight: Sarcastic Sukumarakkurupp Profiles wit AI Generated Content Appeared in Social Media
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




