28
August, 2026

A News 365Times Venture

28
Friday
August, 2026

A News 365Times Venture

എല്‍.ഡി.എഫിന്റെ കുത്തക അവര്‍ക്കില്ല; പിണറായി സര്‍ക്കാറിന് വലത് വ്യതിയാനമെന്ന് തോന്നി- സി. ദിവാകരന്‍

Date:



Kerala


എല്‍.ഡി.എഫിന്റെ കുത്തക അവര്‍ക്കില്ല; പിണറായി സര്‍ക്കാറിന് വലത് വ്യതിയാനമെന്ന് തോന്നി: സി. ദിവാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് എല്‍.ഡി.എഫിനകത്ത് ഭിന്നത തുടരുന്നതിനിടെ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി സി. ദിവാകരന്‍. ഇടതു പക്ഷത്തിന്റെ കുത്തക ആര്‍ക്കും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം വന്നതായി തങ്ങള്‍ക്ക് തോന്നിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അവസാനത്തെ ഒന്നുരണ്ട് വര്‍ഷം സര്‍ക്കാര്‍ വഴിതെറ്റിയതാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്നും ദിവാകരന്‍ പറഞ്ഞു. ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ വേറെ ചിലരുടെ താല്‍പര്യങ്ങളാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പ്രത്യേകിച്ച് വ്യക്തിപരമായി ചിലരുടെ സ്വകാര്യ സ്വത്ത് വര്‍ധിപ്പിക്കുക, ചില പ്രത്യേക കമ്പനികളെ സഹായിക്കുക. ഒരു വ്യതിയാനമുണ്ടായി. ഒരു വലതുപക്ഷ വ്യതിയാനത്തിലേക്ക് ഇടത് പക്ഷ സര്‍ക്കാര്‍ പോകുന്നുണ്ടോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായി,’ ദിവാകരന്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവി ഒരു നിര്‍ദോഷമായ പദവിയാണെന്നും അക്കാര്യമാണ് മുന്നണിയില്‍ തങ്ങള്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ഇടത് പക്ഷ പ്രസ്ഥാനത്തിന് പുതിയ മുഖങ്ങള്‍ വരണം. എന്നും ഒരേ മുഖത്തെയും കൊണ്ട് നടന്നിട്ട് കാര്യമില്ല. ആര്‍ക്കും നഷ്ടമില്ലാത്ത, ആര്‍ക്കും ദ്രോഹമില്ലാത്ത, നിരുപദ്രവകരമായ ഒരു രാഷ്ട്രീയ പദവിയാണ് ചോദിച്ചത്. അല്ലാതെ ഔദ്യോഗികമല്ല അത്,’ മുന്‍ മന്ത്രി പറഞ്ഞു.

ഇടതു പക്ഷത്തിന്റെ കുത്തക ആര്‍ക്കും കൊടുത്തിട്ടൊന്നുമില്ല. എല്‍.ഡി.എഫിന്റെ ഹോള്‍സെയിലൊന്നും ആരും ഏറ്റെടുക്കേണ്ട. എല്‍.ഡി.എഫിലുള്ള ഘടകകക്ഷികളില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായിയെ കഴിഞ്ഞ 10 വര്‍ഷം ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്നും ദിവാകരന്‍ ചോദിച്ചു. പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ലല്ലോ പറയാത്തത്. ഇപ്പോള്‍ അവരുടെ പാര്‍ട്ടി തന്നെ പറയുന്നുണ്ടല്ലോ. അതുകൊണ്ട് അദ്ദേഹം പറഞ്ഞത് രാഷ്ട്രീയപരമായി ശരിയല്ല എന്ന് മാത്രമേ പറയാനുള്ളൂവെന്നും ദിവാകരന്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഇനി ചര്‍ച്ചയില്ലെന്ന പിണറായിയുടെ നിലപാടിനെക്കുറിച്ചായിരുന്നു ദിവാകരന്റെ പ്രതികരണം.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സി.പി.ഐയുമായി ചര്‍ച്ചയുണ്ടാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്‍ ഇന്ന് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിലെ പ്രസ്താവനകളില്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി.പി രാമകൃഷ്ണന്റെ പ്രതികരണം.

ടി.പി. രാമകൃഷ്ണന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിക്കുകയും ചെയ്തിരുന്നു. ടി.പി. രാമകൃഷ്ണന്‍ പറഞ്ഞതാണ് എല്‍.ഡി.എഫിന്റെ ഭാഷയെന്നും അതാണ് എല്‍.ഡി.എഫ് സംസ്‌കാരമെന്നും ബിനോയ് വിശ്വം പറഞ്ഞു. ടി.പിയുടെ സമീപനത്തോട് സി.പി.ഐക്ക് യോജിപ്പുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ ഉപനേതൃത്വ പദവി സി.പി.ഐ.എമ്മിന് തന്നെയായിരിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു സി.പി.ഐ-സി.പി.ഐ.എം തര്‍ക്കം രൂക്ഷമായത്. ഇടതുപക്ഷ പ്രസ്ഥാനത്തിന് ചോരയും നീരും കൊടുത്ത പാര്‍ട്ടിയാണ് സി.പി.ഐ എന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചിരുന്നു.

സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ലേഖനം എഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടിയും സി.പി.ഐയെ പരിഹസിച്ചതും ഭിന്നത രൂക്ഷമാകാന്‍ കാരണണമായിരുന്നു.

Content Highlight: C Divakaran Against Pinarayi Vijayan Remark on Opposition Deputy Leader

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related