India
യു.പിയില്‍ ബി.ജെ.പി സീറ്റുകള്‍ കുറയും; കാരണം ജെന്‍ സീ അല്ല, മറ്റൊരു തലമുറയെന്ന് സര്‍വേ
ന്യൂദല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് ജയിക്കാവുന്ന സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഇന്ത്യ ടുഡെ-സി വോട്ടര്‍-മൂഡ് ഓഫ് ദ നേഷന്‍ (എം.ഒ.ടി.എന്‍) സര്‍വേ. പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ കുറവ് വരുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്ത് അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സി വോട്ടര്‍ – എം.ഒ.ടി.എന്‍ സര്‍വേ ഫലം പുറത്തുവരുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ ആകെ 80 ലോക്സഭാ സീറ്റുകളില്‍ 41 എണ്ണം ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലും സംസ്ഥാനത്ത് സി വോട്ടര്‍ – എം.ഒ.ടി.എന്‍ സര്‍വേ നടത്തിയിരുന്നു. അന്ന് എന്‍.ഡി.എയ്ക്ക് 48 സീറ്റും ഇന്ത്യ മുന്നണിക്ക് 31 സീറ്റും ലഭിക്കും എന്നായിരുന്നു സര്‍വേ ഫലം.
ലോക്‌സഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കിയാണ് സി വോട്ടര്‍ – എം.ഒ.ടി.എന്‍ സര്‍വേ. അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഈ സര്‍വേയില്‍ പറയുന്ന പോലെയാവുമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ ബി.ജെ.പി ദുര്‍ബലപ്പെടുന്നതിന്റെ സൂചനയായി സര്‍വെ ഫലം വിലയിരുത്തപ്പെടുന്നു.
രാജ്യത്ത് കേന്ദ്രസര്‍ക്കാരിനെതിരെ അടുത്തിടെ ജെന്‍സി തലമുറയില്‍ പെട്ട യുവാക്കളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ യു.പി തെരഞ്ഞെടുപ്പില്‍ നിലവില്‍ 66 വയസിനും 61 വയസിനും ഇടയില്‍ പ്രായമുള്ള ജെനറേഷന്‍ എക്‌സ് തലമുറ ബി.ജെ.പിക്ക് എതിരായി വോട്ട് ചെയ്യുമെന്ന് എം.ഒ.ടി.എന്‍ സര്‍വേയില്‍ പറയുന്നു.
ജെനറേഷന്‍ എക്‌സിനെ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച തലമുറയായാണ് വിലയിരുത്തപ്പെടാറ്. എന്നാല്‍ ഈ തലമുറയില്‍ ഇത്തവണ വോട്ടിങ് രീതികളില്‍ മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ യശ്വന്ത് ദേശ്മുഖിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്കായ സവര്‍ണ സമുദായങ്ങള്‍ക്ക് ഇത്തവണ പാര്‍ട്ടിയോട് അതൃപ്തിയുള്ളതായും സര്‍വേയില്‍ പറയുന്നു. ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അതൃപ്തി. യു.ജി.സി ചട്ടം യു.പിയില്‍ പ്രധാന വിഷയമാണെന്നും യശ്വന്ത് ദേശ്മുഖ് പറഞ്ഞു.
ജെനറേഷന്‍ എക്‌സിന് പാര്‍ട്ടിയോട് അകല്‍ച്ച വരാന്‍ കാരണം യു.ജി.സി ചട്ടങ്ങളാണ്. 90കളില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്നത് ജെനറേഷന്‍ എക്‌സ് തലമുറയില്‍ പെട്ടവരാണെന്നും ദേശ്മുഖ് ചൂണ്ടിക്കാട്ടി. ബിഹാറിലെ ബങ്കിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അടുത്തിടെ പരാജയപ്പെട്ടതിന് പിന്നിലെ ഒരു കാരണം യു.ജി.സി വിഷയത്തില്‍ സവര്‍ണ ജാതിക്കാരുടെ അതൃപ്തിയാണെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂട്ടിച്ചേര്‍ത്തു.
1989 മുതല്‍ ഉത്തര്‍പ്രദേശില്‍ സവര്‍ണര്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കാണ്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരില്‍ 20 ശതമാനത്തിലധികം ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍ തുടങ്ങിയ ജാതിയിലുള്ളവരാണെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.
2027 ലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടെന്ന് രണ്ടോ മൂന്നോ ശതമാനം പേര്‍ വിചാരിച്ചാല്‍ പോലും അത് ബി.ജെ.പിയുടെ ജയ സാധ്യതയെ തകര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നു. യു.ജി.സി വിഷയം അവരുടെ സവര്‍ണ വോട്ട് ബാങ്ക് അടിത്തറയെ ബാധിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര കൊള്ളയും വോട്ടര്‍മാരെ സ്വാധീനിക്കുന്നതായാണ് സര്‍വേയിലെ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം പേര്‍ രാമക്ഷേത്ര സംഭാവന കൊള്ള കേന്ദ്ര സര്‍ക്കാരിന്റെയും യു.പിയിലെ ആദിത്യനാഥ് സര്‍ക്കാരിന്റെയും പ്രതിച്ഛായയെ ബാധിച്ചതായി കരുതുന്നെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍.ഡി.എ സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. 36 സീറ്റുകളാണ് 2024ല്‍ യു.പിയില്‍ എന്‍.ഡി.എ നേടിയത്. ഇന്ത്യ സഖ്യം 43 സീറ്റിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു.
2019ല്‍ 64 സീറ്റിലായിരുന്നു എന്‍.ഡി.എ ജയിച്ചത്. 15 സീറ്റില്‍ മാത്രമായിരുന്നു അന്ന് എസ്.പി-ബി.എസ്.പി സഖ്യം വിജയിച്ചത്. കോണ്‍ഗ്രസിന് അന്ന് ഒരു സീറ്റില്‍ മാത്രമായിരുന്നു ജയിക്കാന്‍ പറ്റിയത്.
Content Highlight: Not Gen Z, BJP faces a bigger worry ahead of Uttar Pradesh polls, shows MOTN
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




