29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

‘മാധ്യമം’ മാനേജ്‌മെന്റ് പറയുന്നത് അംഗീകരിച്ചാല്‍ സ്ഥിരം ജോലി വേണ്ട എന്ന അവസ്ഥയിലെത്തും; രാപ്പകല്‍ സമരത്തില്‍ നേരിട്ടെത്തി പിണറായി

Date:

തിരുവനന്തപുരം: ശമ്പളം കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ട് മാധ്യമം ദിനപത്രം ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന് നേരിട്ടെത്തി പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്ന് (സെപ്തംബര്‍ 29, ചൊവ്വ) വൈകിട്ട് സമരപ്പന്തലിലെത്തിയാണ് പിണറായി പിന്തുണ രേഖപ്പെടുത്തിയത്.

മാധ്യമം മാനേജ്‌മെന്റിന്റെ നടപടി കേരളത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിണറായി പറഞ്ഞു. അത് അംഗീകരിച്ചാല്‍ സ്ഥിരം ജോലി വേണ്ട എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നും പിണറായി ചൂണ്ടിക്കാട്ടി.

‘സമ്മര്‍ദം ചെലുത്തി സ്ഥിരം ജീവനക്കാരെ രാജിവപ്പിച്ച് കരാര്‍ വ്യവസ്ഥ അംഗീകരിപ്പിക്കുക. അതാണ് നമ്മുടെ കേരളത്തിലെ ഒരു മാധ്യമത്തിന്റെ മാനേജ്‌മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ആ മാനേജ്‌മെന്റ് ഉള്‍ക്കൊള്ളേണ്ട ഒരു കാര്യം ഇത് ഇപ്പോള്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് എന്ന് മാത്രമല്ല കേരളത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ്

ഇത് അംഗീകരിച്ചു കൊടുത്താല്‍ നാളെ ഓരോരുത്തരും ചെയ്യുന്ന ജോലിക്ക് അവരവര്‍ തന്നെ റിട്ടയര്‍മെന്റ് കത്ത് കൊടുക്കുന്ന അവസ്ഥക്ക് തുല്യമാകും. അത് ഇവിടെ സ്ഥിരം ജോലി വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ചെയ്യുക,’ പിണറായി ചൂണ്ടിക്കാട്ടി.

‘മാധ്യമം ജീവനക്കാരുടെ സമരം എല്ലാ അര്‍ത്ഥത്തിലും നീതിയുക്തമായ ഒരു സമരമാണ്. ജീവനക്കാര് ആവശ്യപ്പെടുന്നത് അവര്‍ക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളം കൃത്യമായി ലഭിക്കണമെന്നാണ്.

കഴിഞ്ഞവര്‍ഷം ഈ കാര്യത്തില്‍ അന്നത്തെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ആ ഇടപെടലിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ആ ചര്‍ച്ച നടന്നിരുന്നു. തൊഴില്‍ വകുപ്പ് മന്ത്രി അടക്കം ഇടപെട്ടുകൊണ്ടാണ് ചര്‍ച്ച നടത്തിയത്. മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനയും എല്ലാം പരസ്പരം അംഗീകരിക്കുന്ന അവസ്ഥ അവസാനം വന്നു. അതിന്റെ ഭാഗമായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ശമ്പളം കൊടുത്തിരുന്നു.

പക്ഷേ അതിനുശേഷം കാര്യങ്ങളെല്ലാം തകിടം പറഞ്ഞു. ഏറ്റവും ഒടുവില്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് ലഭിച്ചത് കഴിഞ്ഞ ജനുവരിയിലെ ശമ്പളമാണ്. എട്ടു മാസത്തെ ശമ്പളം കുടിശികയായി കിടക്കുന്നു. ഇതിന് ഒരു ന്യായീകരണവുമില്ല,’ പിണറായി പറഞ്ഞു.

മാധ്യമ സ്ഥാപനത്തില്‍ എന്നല്ല ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നിനും അംഗീകരിക്കാന്‍ കഴിയാത്ത ഒരു നിലപാടാണ് മാധ്യമം മാനേജ്‌മെന്റ് മുന്നോട്ടു വെക്കുന്നത്. നിങ്ങളെല്ലാവരും പിരിഞ്ഞു പോയിക്കോ കരാര്‍ അടിസ്ഥാനത്തില്‍ നിങ്ങളെ നിയമിച്ചോളാം എന്നാണ് നിലപാട്. നവ ഉദാരവത്ക്കരണ നയത്തിന്റെ ഭാഗമായി തൊഴിലാളികളുടെ നേരെ കോര്‍പ്പറേറ്റുകള്‍ സ്വീകരിക്കാന്‍ പോകുന്ന ഒരു നയമാണിത്. അത് നമ്മുടെ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം നടപ്പാക്കുന്നു എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കേന്ദ്ര സംസ്ഥാന ട്രേഡ് യൂണിയനുകള്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എത്ര വിചിത്രമായ നിലപാടാണ് മാധ്യമം മാനേജ്‌മെന്റ് സ്വീകരിക്കുന്നത് എന്ന് നാം കാണണം. കോഴിക്കോട്ട് സി.ഐ.ടി.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം നടത്തിയ പ്രസംഗത്തിന്റെ മേലെ മാധ്യമം മാനേജ്‌മെന്റ് നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് കേസിന് പുറപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന് നേരെ ഇത്രയും ഹീനമായ രീതിയിലുള്ള ഒരു സമീപനം എങ്ങനെയാണ് മാധ്യമം മാനേജ്‌മെന്റ് സ്വീകരിക്കാന്‍ കഴിയുന്നതെന്നും പിണറായി ചോദിച്ചു.

ഏറ്റവും വേഗത്തില്‍ ഈ ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയാണ് വേണ്ടത്. മറ്റു ജീവനക്കാരെ പോലെ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരെ പോലെ മാധ്യമത്തിലും അവിടെയുള്ള ജീവനക്കാര്‍ക്ക് സ്ഥിരം ജോലിയില്‍ തുടരാനാകണം. അതല്ലാതെ ഇതിനെ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവസാനിപ്പിക്കാമെന്ന് കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനും ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇടപെട്ടതാണ്. അതിനു ഫലം കണ്ടതാണ്. അതിന്റെ തുടര്‍ച്ചയായി കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകേണ്ടതായിട്ടുണ്ട്. ആര്‍ക്കും അംഗീകരിക്കാത്ത സമീപനം സ്വീകരിക്കുന്ന മാധ്യമം മാനേജ്‌മെന്റിനെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

Content Highlight: Pinarayi Vijayan Extend Supports Madhyamam Employee Protest

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related