12
October, 2026

A News 365Times Venture

12
Monday
October, 2026

A News 365Times Venture

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസിന്റെ രണ്ട് എഫ്.ഐ.ആറുകൾ; രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം

Date:

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് .

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയാണോ അതോ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനെയാണോ ചുമതലപ്പെടുത്തുക എന്നതിൽ ഉടൻ തീരുമാനമുണ്ടാകും എന്ന് റിപ്പോർട്ടിൽ പറയുന്നു.

രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ആണ് പിണറായി വിജയൻ പ്രതിയാകുന്നത്. സി.എം.ആർ.എല്ലും എക്‌സാലോജിക്കും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമാണ് ഈ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതിൽ പിണറായി വിജയനൊപ്പം ടി. വീണയും പ്രതിപ്പട്ടികയിലുണ്ട്. വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണത്തിലും കള്ളപ്പണ ഇടപാടുകളിലുമാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ മുഹമ്മദ് റിയാസും ടി. വീണയും റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ വാരിസ്, നന്ദു, ഷൈജിൽ എന്നിവരുമാണ് പ്രതിപ്പട്ടികയിലുള്ളത്.

നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ വന്നിരിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് സി.പി.ഐ.എം നേതൃത്വവും ഒരുങ്ങുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ജസ്റ്റിസ് നടരാജന്റെ ബെഞ്ചിലേക്ക് ഇതിനകം നാല് റിട്ട് അപ്പീലുകൾ സമർപ്പിച്ചിട്ടുണ്ട്. പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസും നിഖിൽ വാരിസും ചേർന്ന്, വാരിസ്-നന്ദു-ഷൈജിൽ എന്നിവർ ചേർന്ന് എന്നിങ്ങനെയാണ് നാല് അപ്പീലുകൾ നൽകിയത്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ റിട്ട് അപ്പീലുകൾ ഫയൽ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ഇതിനായി രാവിലെ തന്നെ വിഷയം കോടതിയിൽ മെൻഷൻ ചെയ്യും. അനുമതി ലഭിച്ചാൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ തന്നെ വാദിക്കാൻ എത്തിക്കും എന്ന് റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

ഇതിനുപുറമെ, വിജിലൻസ് എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിച്ചാലുടൻ അത് റദ്ദാക്കണമെന്ന് (ക്വാഷ് ചെയ്യണമെന്ന്) ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കും.

പ്രധാനമായും മൂന്ന് വാദങ്ങളാണ് ഇതിനായി ഉന്നയിക്കുക. നേരത്തെ മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലൻസ് കോടതികളിലും പിന്നീട് സുപ്രീം കോടതി വരെയും എത്തിയ പരാതികൾ തള്ളിക്കളഞ്ഞതാണ്. സി.എം.ആർ.എൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുരേഷ് കുമാറിന്റെ മൊഴിക്കപ്പുറം പിണറായി വിജയനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും പിണറായി വിജയൻ പണം വാങ്ങിയതിനോ വീണ വാങ്ങിയ പണം പിണറായിക്ക് വേണ്ടിയാണെന്നതിനോ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടും.

21.5 കോടി രൂപയുടെ ഇടപാട് നടന്നു എന്നത് വീണയുടെ പ്ലാനറിൽ കുറിച്ചുവെച്ച ഭാവി ബിസിനസ് പ്ലാനിങ് മാത്രമാണെന്നും, പണം കണ്ടെത്തിയെന്നോ വിദേശത്ത് എവിടെ നിക്ഷേപിച്ചെന്നോ കണ്ടെത്താൻ ഇ.ഡിക്കോ മറ്റ് അന്വേഷണ സംഘങ്ങൾക്കോ കഴിഞ്ഞിട്ടില്ലെന്നുമാണ് റിയാസ് ഉന്നയിക്കുന്ന വാദം.

വിജിലൻസിനെ സംബന്ധിച്ചിടത്തോളം കേസ് തെളിയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇ.ഡിയുടെ ഒരു കത്ത്, ചില വാട്‌സ്ആപ്പ് സന്ദേശങ്ങൾ, ഡയറിക്കുറിപ്പുകൾ എന്നിവയല്ലാതെ നേരിട്ടുള്ള സാമ്പത്തിക ഇടപാട് തെളിവുകളൊന്നും നിലവിൽ പൊലീസിനോ വിജിലൻസിനോ കൈമാറിയിട്ടില്ല.

അതേസമയം, ഇ.ഡി തങ്ങളുടെ കൈവശമുള്ള തെളിവുകൾ വെച്ച് രണ്ട് ഇ.സി.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്നതും നിർണായകമാണ്.

സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത രാഷ്ട്രീയ നേതാക്കൾക്ക് വ്യാപകമായി പണം നൽകിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇല്ലാത്ത സേവനത്തിന് പണം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകളാണ് പിന്നീട് പിണറായി വിജയൻ വാങ്ങിയ കൈക്കൂലിയെന്ന ഇ.ഡി ആരോപണത്തിലേക്കും എഫ്.ഐ.ആറുകളിലേക്കും എത്തിയത്.

നാളെ യു.ഡി.എഫ് നേതാക്കളിലേക്കും അന്വേഷണം നീളുമെന്ന രാഷ്ട്രീയ ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ആദ്യം എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണം മതിയെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത് എന്ന് റിപ്പോർട്ടർ ടി.വി യുടെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് സി.പി.ഐ.എം നിലപാട്. കേസുകൾ കാണിച്ചോ പ്രതിയാക്കിയോ സമുന്നതനായ നേതാവ് പിണറായി വിജയനെയോ പാർട്ടിയെയോ ഭയപ്പെടുത്താമെന്നും തളർത്താമെന്നും ആരും കരുതേണ്ടെന്ന് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി വ്യക്തമാക്കി.

സുപ്രീം കോടതി വരെ ഒരു എം.എൽ.എ പോയിട്ടും തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും കൊണ്ടുവരുന്നത് വ്യക്തമായും രാഷ്ട്രീയ വിരോധം തീർക്കാൻ മാത്രമാണെന്നും പാർട്ടി ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അവർ പറഞ്ഞു.

Content Highlight:Two Vigilance FIRs against Pinarayi Vijayan and Mohammed Riyas; CPIM to counter politically.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related