18
November, 2026

A News 365Times Venture

18
Wednesday
November, 2026

A News 365Times Venture

പൗരന്മാരുടെ സ്വകാര്യത വിറ്റു; വ്യാജ ഇ-ചലാന്‍ തട്ടിപ്പുകള്‍ക്ക് വഴിതുറന്നത് കേന്ദ്രത്തിന്റെ ഡാറ്റാ ഷെയറിങ് നയം

Date:

 

ന്യൂദല്‍ഹി: ഈയടുത്തായി വാര്‍ത്തകളില്‍ നിറഞ്ഞ ഇ-ചലാന്‍ തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് പുറത്ത്. വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് വ്യാജ ഇ-ചെലാന്‍ സന്ദേശമയച്ച തട്ടിപ്പുകള്‍ക്ക് വഴി വെച്ചത് വാഹനത്തിന്റെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍പ്പനയ്ക്ക് വെച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ 2019-ലെ ബള്‍ക്ക് ഡാറ്റാ ഷെയറിംഗ് പോളിസിക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ , സാരഥി എന്നീ ഡാറ്റാബേസുകളില്‍ നിന്നുള്ള വാഹന ഉടമകളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പണം വാങ്ങി കൈമാറിയതാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബള്‍ക്ക് ഡാറ്റാ ഷെയറിങ് നടപ്പിലാക്കിയതിലൂടെ സ്വകാര്യ ഏജന്‍സികള്‍ക്ക് വാഹന്‍-സാരഥി വിറ്റ ഇനത്തില്‍ 111 കോടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്. എന്നാല്‍ സ്വകാര്യതാ ആശങ്കകളെ തുടര്‍ന്ന് 2020ല്‍ വില്‍പ്പന നിര്‍ത്തിയെങ്കിലും മുമ്പ് കൈമാറിയ വിവരങ്ങള്‍ തട്ടിപ്പ് സംഘങ്ങള്‍ കൈക്കലാക്കിയതിന്റെ ബാക്കി പത്രമാണ് പുറത്ത് വരുന്ന തട്ടിപ്പ് വിവരങ്ങള്‍.

വാഹന ഉടമകളുടെ കൃത്യമായ രജിസ്‌ട്രേഷന്‍ നമ്പറും പേരും ഫോണ്‍ നമ്പറും കൈവശമുള്ള തട്ടിപ്പുകാര്‍, ക്യാമറയില്‍ നിയമലംഘനം പതിഞ്ഞിട്ടുണ്ടെന്ന് കാണിച്ച് വിശ്വാസയോഗ്യമായ എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും അയക്കുന്ന സന്ദേശത്തിന്റെ അതേ വാചക ഘടനയിലാണ് വ്യാജ സന്ദേശമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ചെലാന്‍ തുക അടയ്‌ക്കേണ്ടിടത്ത് വ്യാജ ആപ്പിന്റെ ലിങ്ക് നല്‍കുന്നു എന്ന വ്യത്യാസം മാത്രം.

ഇത്രയധികം തട്ടിപ്പുകള്‍ പുറത്ത് വന്നിട്ടും മുന്നറിയിപ്പ് നല്‍കുകയല്ലാതെ തട്ടിപ്പ് തടയാന്‍ യാതൊരു വഴിയും മോട്ടോര്‍ വാഹനവകുപ്പ് എടുക്കുന്നില്ല. വ്യക്തികളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ വില്‍ക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് കാണിച്ച് വിമര്‍ശനം ഉയര്‍ന്നതിനാലാണ് 2020ല്‍ ഡാറ്റാ ഷെയറിങ് നിര്‍ത്തലാക്കിയത്.

എന്നാല്‍ 2025ല്‍ ദേശീയ ഗതാഗത നയത്തിലൂടെ ഇത് വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ പിഴതട്ടിപ്പുകളെക്കുറിച്ച് വ്യാപക പരാതികളുയര്‍ന്നതോടെ കഴിഞ്ഞ മാസം ഒന്നുമുതല്‍ തീരുമാനം മരവിപ്പിച്ചു.

അതേസമയം വെറും 29 രൂപ നല്‍കിയാല്‍ 15 വാഹനങ്ങളുടെ ഉടമസ്ഥാവകാശ വിവരങ്ങള്‍ ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന സ്വകാര്യ ആപ്പുകള്‍ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സജീവമാണെന്ന ഞെട്ടിക്കുന്ന കാര്യവും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതായത്, ഒരു വാഹനത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ചെലവാകുന്നത് വെറും 1.93 രൂപ മാത്രമാണ്.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടമയുടെ മുഴുവന്‍ പേര്, പിതാവിന്റെ പേര്, നിലവിലുള്ളതും സ്ഥിരവുമായ വിലാസങ്ങള്‍, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ഫിനാന്‍സിയര്‍, എന്‍ജിന്‍-ഷാസി നമ്പറുകള്‍, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ എന്നിവയെല്ലാം ഇത്തരം ആപ്പുകളിലൂടെ ലഭ്യമാകുന്നുണ്ട്..

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പരിവാഹന്‍ പോര്‍ട്ടലില്‍ വാഹന ഉടമയ്ക്ക് പോലും സ്വന്തം വിവരങ്ങള്‍ പരിശോധിക്കാന്‍ ഒ.ടി.പി വെരിഫിക്കേഷന്‍ അടക്കമുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, സ്വകാര്യ ആപ്പുകള്‍ വഴി ഈ വിവരങ്ങള്‍ ഇത്രയും നിസാരമായി ചോരുന്നത്.

10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഇത്തരം ആപ്പുകള്‍ക്ക് ഉണ്ടെന്നുള്ളത് തട്ടിപ്പിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഇത് കൂടാതെ അഞ്ച് രൂപ നല്‍കിയാല്‍ വാഹന വിവരങ്ങള്‍ തത്സമയം നല്‍കുന്ന ടെലഗ്രാം ബോട്ടുകളുമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് ടെലഗ്രാം ബ്രോക്കര്‍മാര്‍ ഈ വിവരങ്ങള്‍ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കേന്ദ്ര ഡേറ്റാബേസായ ‘നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് റിപ്പോസിറ്ററിയില്‍’ നിന്നാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് വാഹന ഉടമകളുടെ വിവരങ്ങള്‍ പങ്കുവെച്ചത്.
ഇതിനായി 25,314 സ്വകാര്യ ലോഗിന്‍ അനുമതികളാണ് (ക്രെഡന്‍ഷ്യലുകള്‍) നല്‍കിയിരുന്നത്.

2024 ജനുവരി മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള 33 മാസത്തിനിടയില്‍, ഈ സ്വകാര്യ അക്കൗണ്ടുകള്‍ വഴി 1,70,79,998 (1.70 കോടി) തവണയാണ് വാഹന വിവരങ്ങള്‍ തിരഞ്ഞത്. കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 17,000 അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. 2024 ജനുവരി മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ പ്രതിമാസം 5.9 ലക്ഷം മുതല്‍ 9.4 ലക്ഷം വരെ (ശരാശരി 6,95,366) തിരച്ചിലുകളാണ് സ്വകാര്യ ഏജന്‍സികള്‍ നടത്തിയത്.

Content Highlight: Citizens’ privacy sold; Centre’s data-sharing policy paved the way for fake e-challan scams.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related