ഇസ്താംബുള്‍: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ മക്ക പ്രതിരോധ ഉടമ്പടി പ്രകാരമുള്ള പ്രതിരോധ സഖ്യത്തില്‍ ഇന്താനേഷ്യയെ അംഗമാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സഖ്യത്തില്‍ ബംഗ്ലാദേശും പങ്കാളിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റിലാണ് തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നിവര്‍ മെക്ക ഉടമ്പടിയില്‍ ഒപ്പുവെച്ചത്. സിറിയ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ സഖ്യത്തില്‍ ചേരുന്നത് അംഗരാജ്യങ്ങള്‍ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇന്തോനേഷ്യ താത്പര്യപ്പെടുന്നുവെന്നും അതിന്റെ ഓപ്ഷനുകള്‍ പരിശോധിക്കുന്നുണ്ടെന്നും മൂന്ന് തുര്‍ക്കി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ സഖ്യത്തെ തെക്കു കിഴക്കന്‍ ഏഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇന്തോനേഷ്യയുടെ അംഗത്വത്തിലൂടെ സാധിക്കും. എന്നാല്‍ ഈ കാര്യത്തില്‍ ഇന്തോനേഷ്യ ഇതുവരെ താത്പര്യം സ്ഥിരീകരിച്ചിട്ടില്ല.
പശ്ചിമേഷ്യയില്‍ നിന്ന് വളരെ അകലെ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനം എന്നത് സഖ്യത്തിലേക്ക് അവരെ പരിഗണിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയും ഇന്തോനേഷ്യയും തമ്മില്‍ പ്രതിരോധ വ്യവസായ സഹകരണത്തില്‍ അടക്കം അടുത്ത പങ്കാളിത്തമുള്ളതായ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ അവര്‍ പ്രതിരോധ സഖ്യത്തില്‍ പങ്കാളികളാകാന്‍ സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം 48 തുര്‍ക്കിഷ് കാന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്തോനേഷ്യ 10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. അതേസമയം ഇന്തോനേഷ്യ മക്ക കരാറില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ഈ ഘട്ടത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഇന്തോനേഷ്യന്‍ എംബസിയുടെ വക്താവ് പ്രതികരിച്ചെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെക്ക ഉടമ്പടി പ്രകാരമുള്ള പ്രതിരോധ സഖ്യത്തില്‍ ബംഗ്ലാദേശും പങ്കാളിയായേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുള്ളതായി ജര്‍മന്‍ മാധ്യമായ ഡി.ഡബ്ല്യു ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യം നിലവില്‍ വന്ന ‘മക്ക സംയുക്ത പ്രതിരോധ കരാര്‍’ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളെ കൂട്ടായി നേരിടാനും പ്രതിരോധിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഈ കരാറില്‍ ഉള്‍പ്പെട്ട മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിലുണ്ടാകുന്ന സായുധ ആക്രമണം, മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.
ഈ കരാര്‍ പശ്ചിമേഷ്യയുടെയും ദക്ഷിണേഷ്യയുടെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ ഇതിനകം തന്നെ മാറ്റിമറിച്ചുവെന്ന് ചില നിരീക്ഷകര്‍ കരുതുന്നുവെന്ന് ധാക്കയിലെ നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് സോഷ്യോളജി പ്രൊഫസറായ നവീന്‍ മുര്‍ഷിദിനെ ഉദ്ധരിച്ച് ഡി.ഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും, ഈ കരാറില്‍ ചേരാനുള്ള ബംഗ്ലാദേശിന്റെ ഏതൊരു നീക്കവും അവരുടെ വിദേശബന്ധങ്ങളെ, പ്രത്യേകിച്ച് അയല്‍രാജ്യമായ ഇന്ത്യയുമായുള്ള ബന്ധത്തെ സങ്കീര്‍ണ്ണമാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗ്ലാദേശിലെ മധ്യ-വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ള ‘ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി’ നയിക്കുന്ന നിലവിലെ ബംഗ്ലാദേശ് സര്‍ക്കാര്‍, മക്ക കരാറിനെ അനുകൂലിക്കുന്നുണ്ട്. ‘ഈ കരാറിനെ ഞങ്ങള്‍ ക്രിയാത്മകമായാണ് കാണുന്നത്,’ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു.
എങ്കിലും, ബംഗ്ലാദേശ് ഈ ഉടമ്പടിയില്‍ ചേരുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ അംഗത്വത്തെക്കുറിച്ച് ആലോചിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഇക്കാര്യം കരാറിലെ നിലവിലെ അംഗരാജ്യങ്ങളുടെ ഉദ്ദേശ്യങ്ങളെ ആശ്രയിച്ചിരിക്കും. ബംഗ്ലാദേശിനെ ഈ കരാറില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും അത് അനുകൂലമായി പരിഗണിക്കും,’ എന്നാണ് ഉടമ്പടിയില്‍ ചേരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
Content Highlight: Speculation about Potential Entry of Indonesia and Bangladesh in Mecca Defense Alliance




