തിരുവനന്തപുരം: ഇസ്രഈലുമായുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ അനുകുലിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ അനുകൂല സമീപനമാണ് തുറന്നുകാട്ടുന്നതെന്ന് പിണറായി വിജയന്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിദേശനയ പാരമ്പര്യത്തെപ്പോലും രാഹുല്‍ ഗാന്ധിയുടെ സാമ്രാജ്യത്വ അനുകൂല നിലപാട് തകര്‍ക്കുകയാണെന്നും പിണറായി പറഞ്ഞതായി ദേശാഭിമാനി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
‘സാമ്രാജ്യത്വത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും പലസ്തീന്‍ ജനതയുടെ അവകാശപ്പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിദേശനയ പാരമ്പര്യത്തെപ്പോലും രാഹുല്‍ ഗാന്ധിയുടെ സാമ്രാജ്യത്വ അനുകൂല നിലപാട് തകര്‍ക്കുകയാണ്. പലസ്തീന്‍ ജനതയ്‌ക്കൊപ്പം നിലകൊണ്ട ഇന്ത്യയുടെ ചരിത്രപരമായ നിലപാടുകളില്‍നിന്നുള്ള ഗുരുതരമായ വ്യതിചലനമാണിത്,’ പിണറായി പറഞ്ഞു.
ഗസയില്‍ ആയിരക്കണക്കിന് നിരപരാധികളായ കുട്ടികളടക്കം കൊല്ലപ്പെടുകയും കടുത്ത വംശഹത്യ തുടരുകയും ചെയ്യുമ്പോള്‍ ഇസ്രഈലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ആയുധങ്ങള്‍ വാങ്ങണമെന്നും രാഹുല്‍ ഗാന്ധി പരസ്യമായി ആവശ്യപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രഈലുമായി സൈനിക, പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന രാഹുലിന്റെ നിലപാട് കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ അനുകൂല സമീപനമാണ് തുറന്നുകാട്ടുന്നതെന്ന് പിണറായി പറഞ്ഞു.
ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് ഗസയില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ നയതന്ത്ര സന്തുലിതാവസ്ഥയുടെ പേരില്‍ ഇസ്രയേലിനെ പിന്തുണയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. മനുഷ്യത്വം തന്നെ വിചാരണ ചെയ്യപ്പെടുന്ന ഘട്ടത്തില്‍ നയതന്ത്ര സന്തുലിതാവസ്ഥയുടെ പേരില്‍ ഇരട്ടത്താപ്പ് സ്വീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഇസ്രഈലുമായി ഇന്ത്യ ശക്തമായ ബന്ധം വെച്ചുപുലര്‍ത്തുതിനെ താന്‍ പിന്തുണക്കുന്നുവെന്നും എന്നാല്‍ അതിനര്‍ത്ഥം ഗസയിലെ വിഷയത്തില്‍ മൗനം പാലിക്കണം എന്നല്ലെന്നും യു.സിലെ ചിക്കാഗോ സര്‍വകലാശാലയില്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് പേപ്പുമായി ഈ ബുധനാഴ്ച നടത്തിയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങുന്നത് അടക്കമുള്ള തന്ത്രപരമായ താത്പര്യങ്ങള്‍ അവിടെയുണ്ടെും ഇസ്രഈലിനെക്കുറിച്ച് രാഹുല്‍ പറഞ്ഞിരുന്നു. ‘ഇസ്രഈലുമായുള്ള ശക്തമായ ബന്ധത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. നമ്മുടെ സായുധ സേനയ്ക്കായി ഏറ്റവും മികച്ച ആയുധങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെ, നമുക്ക് അവിടെ തന്ത്രപരമായ താല്‍പ്പര്യങ്ങളുണ്ട്. എന്നാല്‍, ഗാസയിലെ വിഷയത്തില്‍ മൗനം പാലിക്കണം എന്ന് അത് അര്‍ത്ഥാമാക്കുന്നില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളെയും നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയതിനെയും താന്‍ അപലപിക്കുന്നുവെും രാഹുല്‍ പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായേല്‍ ചെയ്ത കാര്യങ്ങളെയും ഞാന്‍ അപലപിക്കുന്നു. ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.
‘150 കോടി ജനസംഖ്യയുള്ള വളരെ വലിയൊരു രാജ്യമാണ് നമ്മുടേത്. അതിനാല്‍ നമ്മുടെ വിദേശനയം മറ്റുള്ളവര്‍ക്ക് ഗുണകരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നമുക്ക് ഗുണകരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം രൂപീകരിക്കേണ്ടത്. ഇന്ത്യ ഏത് മുല്യങ്ങളില്‍ വിശ്വസിക്കുന്നോ ആ മൂല്യങ്ങള്‍ക്കായി നിലകൊള്ളണം,’ എന്നും രാഹുല്‍ അന്ന് അഭിപ്രായപ്പെട്ടു.
ചിക്കാഗോയില്‍ ഈ വിഷയം സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശനയം, ഇന്ത്യയ്ക്ക് ഗുണകരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ രാഹുല്‍ പങ്കുവെച്ചത്.
Content Highlight: Pinarayi Vijayan against congress on Rahul Gandhis Remarks about Israel




