തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ നടന്നിട്ടുള്ളത് വൻ ക്രമക്കേടുകളും അനധികൃത നിയമനങ്ങളുമാണെന്നും, ഇതിന്മേലുള്ള അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും, കോടതി എന്ത് തീരുമാനമെടുത്താലും അത് എല്ലാവർക്കും ബാധകമാണെന്നും അതനുസരിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ഇല്ലാത്ത തസ്തികകളിൽ പോലും അനധികൃത നിയമനങ്ങൾ നടത്തി സർവകലാശാലയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
അനധികൃതമായി നിയമിക്കപ്പെട്ടവർക്ക് ശമ്പളം നൽകാനാണ് സർവകലാശാലയുടെ ഫണ്ട് മുഴുവൻ വിനിയോഗിക്കുന്നത്. ഇതുമൂലം വിദ്യാർത്ഥികൾക്ക് അർഹമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.എ പരീക്ഷ തോറ്റ വിദ്യാർത്ഥി എം.എ പരീക്ഷ എഴുതി വിജയിച്ചതായും, ക്ലാസ്സിൽ കയറാത്തവർ പരീക്ഷ എഴുതി ജയിക്കുന്നതായും ഗുരുതരമായ പരാതികൾ ഉയർന്നിട്ടുണ്ട്. നിലവിൽ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കൃത്യമായ പരിശോധനകൾ നടക്കുന്നതോടെ ഞെട്ടിക്കുന്ന പല വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ടെന്നും മന്ത്രി പറഞ്ഞു.
തൻ്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥാപനമായതിനാൽ ഇവിടുത്തെ കാര്യങ്ങൾ തനിക്ക് കൃത്യമായി അറിയാമെന്നും രേഖകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി കൂടിയാലോചനകളില്ലാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു എന്ന ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രിയുമായി കൃത്യമായ ചർച്ചകൾ നടത്തി അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ടാണ് വകുപ്പിൽ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗങ്ങളിൽ എല്ലാ മന്ത്രിമാർക്കും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ മണിക്കൂറുകളോളം ചർച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങളിലേക്ക് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും ആരുടെയും മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയില്ലെന്നും ഇത് ജനാധിപത്യപരമായ പ്രവർത്തന ശൈലിയാണെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രിസഭാ യോഗത്തിലെ വിവരങ്ങൾ ചോരുന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും വസ്തുതാവിരുദ്ധമാണെന്നും ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെടുന്നതാണെന്നും മന്ത്രി വിമർശിച്ചു.
Content Highlight:Major irregularities at Kalady University; Roji M. John states that strict action will be taken based on the investigation report.




