27
November, 2026

A News 365Times Venture

27
Friday
November, 2026

A News 365Times Venture

സ്ത്രീകളുടെ ഗാർഹിക അധ്വാനത്തിന് നിയമപരമായ അംഗീകാരം വേണം: ബൃന്ദ കാരാട്ട്

Date:

തൃശൂർ: സ്ത്രീകളുടെ ഗാർഹിക അധ്വാനത്തിന് നിയമപരമായ അംഗീകാരവും, അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തിൽ തുല്യാവകാശവും ഉറപ്പാക്കുന്ന നിയമപരിഷ്കാരങ്ങൾ രാജ്യത്ത് അനിവാര്യമാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി തൃശൂരിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന ബി.ജെ.പിയുടെ വാദം കാപട്യമാണെന്ന് ബൃന്ദ കാരാട്ട് വിമർശിച്ചു. മുസ്‌ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ അപമാനിക്കാനുള്ള ഉപകരണമായാണ് സിവിൽ കോഡ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു.

പ്രതിഫലമില്ലാത്ത പരിചരണ ജോലികളുടെ സാമ്പത്തിക മൂല്യം എടുത്തുകാണിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ‘ടൈം യൂസ് സർവേ’ അവർ ഉദ്ധരിച്ചു. സ്ത്രീകളുടെ ഗാർഹിക അധ്വാനം പണമായി കണക്കാക്കിയാൽ പ്രതിവർഷം 22.6 ലക്ഷം കോടി രൂപ വരും. ഇത് 2023-ലെ കേന്ദ്ര ബജറ്റിന്റെ ഏഴ് ശതമാനത്തോളമാണ്. എന്നാൽ ഈ അധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

സനാതന ധർമ്മത്തിന്റെ മറവിൽ ജാതിവ്യവസ്ഥയെ മഹത്വവത്ക്കരിക്കുന്ന പ്രവണത ശക്തിപ്പെടുകയാണെന്ന് പറഞ്ഞ അവർ, ജാതിവ്യവസ്ഥയിൽ ദളിത്-പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ അതീവ ദയനീയമാണെന്നും വ്യക്തമാക്കി.

‘ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം പരിശോധിച്ചുകൊണ്ടാണ് പരിഷ്കാരങ്ങൾ ആരംഭിക്കേണ്ടത്. തിരുത്താൻ കഴിയുന്നവ തിരുത്തുകയും, നന്നാക്കാൻ കഴിയാത്തവ പൊളിച്ചെഴുതുകയും വേണം. സ്വന്തം വീടുകൾക്കുള്ളിലെ അസമത്വത്തെയും സ്ത്രീകൾ ചോദ്യം ചെയ്യണം. ആർ.എസ്.എസിന്റെ ‘ആദർശ നാരി’ എന്ന സങ്കൽപ്പം സ്ത്രീകളെ നിശബ്ദരും വിധേയരുമാക്കാൻ മാത്രമേ ഉപകരിക്കൂവെന്ന്’ ബൃന്ദ കാരാട്ട് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമ്മാണത്തിലും സ്ത്രീകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ചരിത്രാഖ്യാനങ്ങളിൽ പിതാവിന്റെ പാരമ്പര്യത്തിന് മുൻഗണന ലഭിക്കുകയും മാതാവ് അവഗണിക്കപ്പെടുകയും ചെയ്യുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധൻ അർഹമായ അംഗീകാരം ലഭിക്കാതെ പോയ വ്യക്തിയാണെന്ന് അവർ പറഞ്ഞു. തൃശൂരിലെ ഒരു സ്കൂളിന് ദാക്ഷായണി വേലായുധന്റെ പേര് നൽകിയത് അഭിമാനകരമാണെന്നും അവരുടെ പേരും പാരമ്പര്യവും രാജ്യത്താകമാനം മാറ്റൊലിക്കൊള്ളണമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

Content Highlight:Women’s domestic labor requires legal recognition: Brinda Karat.

 

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related