17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ശൈശവ വിവാഹ കേസുകളിൽ അറസ്റ്റിലാകുന്ന മുസ്ലീം ഹിന്ദു അനുപാതം ഏകദേശം തുല്യമെന്ന് ആസാം മുഖ്യമന്ത്രി

Date:

ആസാമിൽ ശൈശവവിവാഹത്തിന്റെ പേരിൽ മുസ്ലീം ന്യൂനപക്ഷങ്ങളെ ബി.ജെ.പി. സർക്കാർ കടന്നാക്രമിക്കുന്നു എന്ന ആരോപണം വളരെ നാളായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. തിങ്കളാഴ്ച നിയമസഭയിൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഈ ആരോപണത്തോട് പ്രതികരിച്ചു.

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ശൈശവവിവാഹം കൂടുതലായി നടക്കുന്നുണ്ടെങ്കിലും വർഗീയ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം ആരോപണങ്ങൾ ശരിയല്ല. മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ശൈശവവിവാഹ കേസുകളിൽ നിയമനടപടി സ്വീകരിക്കുമ്പോൾ തന്റെ സർക്കാർ മതം നോക്കാറില്ല എന്നും ഹിമന്ത വ്യക്തമാക്കി. അക്കാര്യം സർക്കാർ ഉറപ്പ് വരുത്താറുണ്ട് എന്ന് അറസ്റ്റുകളുടെ അനുപാതം വെളിപ്പെടുത്തികൊണ്ട് അദ്ദേഹം വാദിച്ചു.

ഫെബ്രുവരി മൂന്നിന് ശൈശവവിവാഹങ്ങൾക്ക് എതിരെ സംഘടിപ്പിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ അറസ്റ്റുകളുടെ അനുപാതമാണ് ഹിമന്ത നിയമസഭയിൽ വെളിപ്പെടുത്തിയത്. അത് 55 : 45 ആണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം മതവിഭാഗം ശൈശവ വിവാഹ കേസുകളിൽ മുന്നിലാണെങ്കിലും ഹിന്ദുക്കളും മോശമല്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത് എന്നാണ് ആസാം സർക്കാരിന്റെ വാദം.

“NFHS 5 (നാഷണൽ ഫാമിലി ഹെൽത്ത് സർവേ) ഡാറ്റ കാണിക്കുന്നത് ദിബ്രുഗഢും ടിൻസുകിയയുമല്ല മറിച്ച് ധുബ്രിയിലും സൗത്ത് സൽമാരയിലുമാണ് (രണ്ടും മുസ്ലിം ഭൂരിപക്ഷ ജില്ലകളാണ്) പ്രശ്നം ഏറ്റവും കൂടുതലുള്ളത് എന്നാണ്. എന്നാൽ നിങ്ങൾ ഓരോ ചെറിയ കാര്യങ്ങളും വർഗീയവൽക്കരിക്കുന്നതിനാൽ, ഞാൻ ദിബ്രുഗഡ് എസ്പിയോട് അവിടെയും കർശന പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആസാമിലെ മുസ്ലീങ്ങൾ ഇന്നത്തെപ്പോലെ സമാധാനപരമായി ജീവിച്ചിട്ടില്ലെന്നും ഹിമന്ത അവകാശപ്പെട്ടു. അവർക്കെല്ലാം സ്‌കൂളുകളിലും കോളേജുകളിലും പോകാൻ സാധിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരം 60% വീടുകളും മുസ്ലീങ്ങൾക്കാണ് കിട്ടിയത്. ആ പേരിൽ ചില ആളുകൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നുണ്ട് എന്നത് മറ്റൊരു കാര്യം. ഇന്ന് മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങളിൽ നിർമ്മിക്കുന്ന റോഡുകളുടെ എണ്ണം മുമ്പൊരിക്കലും ഇല്ലാത്തവിധം കൂടുതലാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ന് അസമിൽ എത്ര ന്യൂനപക്ഷങ്ങൾ വർഗീയ ആക്രമണത്തിൽ മരിച്ചുവെന്ന് ചോദിച്ചാൽ നിങ്ങൾക്ക് മറുപടിയുണ്ടാകില്ല, പക്ഷെ നിങ്ങൾ ഏറ്റുമുട്ടലുകളെ കുറിച്ച് എപ്പോഴും സംസാരിക്കുന്നു. ഏറ്റുമുട്ടലുകൾ മനഃപൂർവം ഉണ്ടാകുന്നതാണോ? വർഗീയ ആക്രമണങ്ങൾ ആസൂത്രിതമായി ഉണ്ടാകുന്നതാണ്. ആരെങ്കിലും തോക്കെടുക്കാതെ പോലീസ് അവരുടെ തോക്ക് പുറത്തെടുക്കില്ല,” അദ്ദേഹം വ്യക്തമാക്കി.

അസമിലെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രതിപക്ഷ എംഎൽഎമാർ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ആരോപിച്ച ഹിമന്ത, സംസ്ഥാനത്ത് തുടരുന്ന കയ്യേറ്റ വിരുദ്ധ യജ്ഞത്തിൽ വനഭൂമിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നിയമം കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് പാസാക്കിയതെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related