ബിരിയാണി വെന്തില്ലെന്ന് പരാതി പറഞ്ഞ കുടുംബത്തെ ഹോട്ടല്‍ ജീവനക്കാര്‍ ആക്രമിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. പുതുവത്സാരാഘോഷത്തോട് അനുബന്ധിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവസ്ഥലത്ത് ഉടനെത്തിയ പോലീസ് സംഘം പത്തോളം ജീവനക്കാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് റെസ്റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തു. ഹോട്ടലിലെ കസേരയും മറ്റ് സാമഗ്രികളും കുടുംബത്തിന് നേരെ എടുത്തെറിഞ്ഞാണ് ജീവനക്കാര്‍ രംഗത്തെത്തിയത്. ഇതിനിടെ ആക്രമണം അവസാനിപ്പിക്കൂവെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബാംഗങ്ങള്‍ക്കിടയിലെ ഒരു സ്ത്രീ മുന്നോട്ട് വരുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ പിന്നീട് മോശമായ വാക്കുകളാണ് ജീവനക്കാര്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ഉപയോഗിച്ചത്.
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചാണ് മംഗള്‍ഹട്ടില്‍ നിന്നുള്ള ആറംഗ കുടുംബം ഈ റെസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാനായി എത്തിയത്. ആദ്യം ഇവര്‍ റോട്ടിയും കറിയും ആണ് ഓര്‍ഡര്‍ ചെയ്തത്. പിന്നീട് ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഇവര്‍ക്കുമുന്നില്‍ വിളമ്പിയ ബിരിയാണി നന്നായി വെന്തില്ലെന്ന് കുടുംബം പരാതി പറഞ്ഞു. ഇതോടെ ജീവനക്കാരന് മറ്റൊരു ബിരിയാണി നൽകി.