താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം, ഇതുവരെ 21 മോഷണ കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് പരശുറാം ഗിരി പിടിയിൽ


ആഡംബര ജീവിതം നയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. 21 മോഷണം കേസുകളിലെ പ്രതിയായ പരശുറാം ഗിരിയാണ് പോലീസിന്റെ വലയിലായത്. വർഷങ്ങളോളം ഇയാൾ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് പ്രതിയെ പിടികൂടുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം താമസിച്ചും, വിമാനം യാത്രകൾ നടത്തിയും, കൊട്ടാരത്തിന് സമാനമായ വീട് സ്വന്തമാക്കിയുമാണ് ഇയാൾ ആഡംബര ജീവിതം നയിച്ചിരുന്നത്. മെട്രോ നഗരങ്ങളിലേക്കുള്ള യാത്രകൾ പോലും വിമാനത്തിലാണ്.

നഗരത്തിലെ അടഞ്ഞുകിടക്കുന്ന സമുച്ചയങ്ങളിലാണ് പരശുറാം പ്രധാനമായും മോഷണങ്ങൾ നടത്തിയിരുന്നത്. കെട്ടിടങ്ങളുടെ ജനാലകൾ തകർത്ത ശേഷം, അകത്ത് കടക്കുന്നതാണ് രീതി. തുടർന്ന് പണവും ആഭരണവും മോഷ്ടിച്ച ശേഷം കടന്നുകളയും. ഇയാൾ ഒറ്റക്കാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് കമ്മീഷണർ സഞ്ജീവ് പാണ്ഡെ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച ചെക്പോസ്റ്റിൽ നിന്നാണ് പരശുറാം ഗിരി പിടികൂടുന്നത്.

ഇയാളുടെ പക്കലിൽ നിന്ന് 21 ലക്ഷം രൂപയും, 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും, വെള്ളിയാഭരണങ്ങളും, ആഡംബര മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ നഗരങ്ങളിൽ അഞ്ചോളം ഫ്ലാറ്റുകളാണ് സ്വന്തമായുള്ളത്. ഇവയിൽ ചിലത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.