കനത്ത മഴയും കൊടുങ്കാറ്റും: വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു


ഗുവാഹത്തി: കനത്ത മഴയിലും കൊടുങ്കാറ്റിലും അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡൊലോയ് രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗത്ത് വെള്ളം കെട്ടിനിന്ന് അത് പൊളിഞ്ഞുവീഴുകയായിരുന്നു എന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഉത്പല്‍ ബറുവാ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ വിമാനത്താവളം.

അതേസമയം കേരളത്തില്‍ ചൂട് ഉയരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.