ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ചിന്മയ അമൃത് മഹോത്സവത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാമി ചിന്മയാനന്ദയുടെ എ.ഐ അവതാറിനോട് സംസാരിച്ചതിന് പിന്നാലെ സ്വാമി ചിന്മയാനന്ദയുടെ പഴയ വീഡിയോ വൈറലാകുന്നു.
നല്ല മനുഷ്യര്‍ക്ക് മതം ആവശ്യമില്ലെന്നും റാസ്കലുകള്ക്ക് മാത്രമാണ് മതം വേണ്ടതെന്നുമാണ് വീഡിയോയില്‍ സ്വാമി ചിന്മയാനന്ദ പറയുന്നത്.
‘റാസ്കലുകള്ക്കാണ് മതം ആവശ്യം. നല്ല മനുഷ്യര്‍ക്ക് അത് ആവശ്യമില്ല. ഏതെങ്കിലും ഡോക്ടര്‍, ആരോഗ്യമുള്ളവര്‍ എന്നെത്തേടി വരില്ല എന്ന് പറഞ്ഞ് തനിക്ക് ഈ പ്രൊഫഷന് മടുത്തു, താന്‍ നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടോ. അതുപോലെത്തന്നെ, യോഗ്യനായ ഒരു സ്വാമിയുടെ ചുറ്റും ദുഷ്ടരായ ആളുകള്‍ മാത്രമേ ഉണ്ടാകൂ. കാരണം അവര്‍ക്ക് നന്നാവേണ്ടതുണ്ട്. അപകടകാരികളായ ആളുകള്‍ക്കായാണ് മതം നിലനില്‍ക്കുന്നത്’, സ്വാമി ചിന്മയാനന്ദ പറയുന്നു.
വെള്ളിയാഴ്ച(ഒക്ടോബര്‍ 23) ദല്‍ഹിയില്‍ വെച്ച് നടന്ന ചിന്മയ അമൃത് മഹോത്സവ് ഗ്ലോബല്‍ സമ്മേളനില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാമിയുടെ എ.ഐ അവതാറിനോട് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
എ.ഐ അവതാറിനോട് അനുഗ്രഹം തേടിയ പ്രധാനമന്ത്രിയോട് ‘നരേന്ദ്രാ, ഇന്ത്യ താങ്കളുടെ കൂടെയാണ്’ എന്നാണ് ഹോളോഗ്രാം രൂപം മറുപടി പറഞ്ഞത്. ഇതിനുപിന്നാലെയാണ് സ്വാമി ചിന്മയാനന്ദയുടെ പഴയ വീഡിയോ വൈറലായത്.
’33 വര്‍ഷം മുമ്പ് ഞാന്‍ കണ്ടുമുട്ടിയ വ്യക്തിയാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന കാര്യത്തില്‍ സന്തോഷമുണ്ട്. താങ്കള്‍ ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ എനിക്കഭിമാനമുണ്ട്. ഇന്ത്യ ഒരിക്കല്‍ കൂടി വലിയ ഉയരങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഗീതയുടെ സന്ദേശം യുവാക്കളിലെത്തിക്കുക’, എ.ഐ അവതാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
സ്വാമിജി ഇപ്പോള്‍ ജീവനോടെയുണ്ടെങ്കില്‍ എ.ഐ ഉപയോഗിച്ച് മോദിജിയെപ്പറ്റിപ്പറഞ്ഞ കാര്യത്തെപ്പറ്റി അദ്ദേഹം എന്ത് പറയുമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ത്രിപുരയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlight: Swami Chinmayananda’s old video saying people who need religion are rascals goes viral after Narendra Modi talks to AI avatar of Swami at Chinmaya mahotsav.




