19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

വാഹനം പഞ്ചറായി പെരുവഴിയില്‍, കൂടെ 3 പൊലീസുകാര്‍ മാത്രം; എലത്തൂര്‍ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

Date:

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് എത്തിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇയാളെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ കണ്ണൂര്‍ കാടാച്ചിറയില്‍ വെച്ച് പഞ്ചറായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിലധികം പ്രതിയുമായി വാഹനം റോഡില്‍ കിടന്നു. ഈ സമയം എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയെന്നും വിവരമുണ്ട്. പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഷാരുഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ പലവട്ടം വാഹനങ്ങള്‍ മാറ്റേണ്ടി വന്നു. തലപ്പാടി അതിര്‍ത്തി  ചെക് പോസ്റ്റ് വരെ ഇന്നോവയിലാണ് സംഘമെത്തിയത്. എന്നാല്‍ പിന്നീട് ഫോര്‍ച്യൂണറില്‍ കയറ്റി കാസര്‍കോട് അതിര്‍ത്തി കടന്നു. ധര്‍മ്മടം മേഖലയിലൂടെ സഞ്ചരിച്ച് പുലര്‍ച്ചെയോടെ മമ്മാക്കുന്ന് എത്തിയപ്പോഴാണ് ടയര്‍ പഞ്ചറായത്. കണ്ണൂര്‍ എടിഎസിന്റെ ജീപ്പില്‍ യാത്ര തിരിച്ചെങ്കിലും എഞ്ചിന്‍ തകരാര്‍ കാരണം വീണ്ടും പെരുവഴിയിലായി. തുടര്‍ന്ന് ഒരു കാറിനാലാണ് പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ഷാരുഖ് സെയ്ഫിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര എ ടി എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേരളാ പൊലീസിന് കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായി എ ടി എസ് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത ഒഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

നേരത്തെ കേസില്‍ പിടിയിലായത് മകന്‍ ഷാരുഖ് സെയ്ഫിയെന്ന് സ്ഥീരികരിച്ച് പിതാവ് ഫക്രുദ്ദീന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 31ന് രാവിലെ 9 മണിയോടെ ഷാരുഖിനെ കാണാതായി. പതിവ് പോലെ കടയില്‍ പോയെന്നാണ് കരുതിയത്. പക്ഷേ കടയിലെത്തിയില്ലെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. മകന്‍ ഡല്‍ഹിക്ക് പുറത്ത് എവിടെയും പോയിട്ടില്ല. ടിവിയില്‍ വന്ന ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ട് മകന്‍ വീട്ടില്‍ ധരിക്കാറുള്ളതാണ്. എന്നാല്‍ മകന്‍ കേരളത്തിലേക്ക് പോയതിനെ കുറിച്ച് ഒന്നുമറിയില്ല. ഷാരൂഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷാരുഖ് 12-ാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പിതാവിനൊപ്പം നോയിഡയില്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇയാളെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. വീട്ടിലെത്തിയ പൊലീസ് ചില പുസ്തകങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കയ്യക്ഷരം പരിശോധിക്കാനാണിത്. നേരത്തെ എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ചില കുറിപ്പുകളും ലഘുലേഖകളും ലഭിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related