14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

ഗസയിലെ പാരാമെഡിക്കൽ ജീവനക്കാരുടെ കൊലപാതകങ്ങൾ പ്രൊഫഷണൽ പരാജയമെന്ന് സമ്മതിച്ച് ഇസ്രഈൽ സൈന്യം

Date:

ഗസയിലെ പാരാമെഡിക്കൽ ജീവനക്കാരുടെ കൊലപാതകങ്ങൾ പ്രൊഫഷണൽ പരാജയമെന്ന് സമ്മതിച്ച് ഇസ്രഈൽ സൈന്യം

ഗസ: ഗസയിലെ പാരാമെഡിക്കൽ ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി ഉത്തരവുകൾ ലംഘിക്കപ്പെട്ടെന്നും കൊലപാതകങ്ങൾ സൈന്യത്തിന്റെ പ്രൊഫഷണൽ പരാജയമാണെന്നും സമ്മതിച്ച് ഇസ്രഈൽ സൈന്യം. പാരാമെഡിക്കൽ ജീവനക്കാർ ഹമാസ് പ്രവർത്തകരാണെന്ന് തെറ്റിദ്ധരിച്ചെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് ഇസ്രഈൽ പ്രതിരോധ സേന (ഐ.ഡി.എഫ്) നടത്തിയ അന്വേഷണത്തിലാണ് ഉത്തരവുകളുടെ ലംഘനവും പ്രൊഫഷണൽ പരാജയവും നടന്നെന്ന് കണ്ടെത്തിയത്. തുടർന്ന് ഐ.ഡി.എഫ് ഈ ആക്രമണങ്ങളിൽ ഉൾപ്പെട്ട യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറെ പിരിച്ചുവിടുമെന്നും ഐ.ഡി.എഫ് പറഞ്ഞു.

എന്നാൽ  ഈ റിപ്പോർട്ടിനെ തള്ളി റെഡ് ക്രസന്റ് എത്തിയിട്ടുണ്ട്. ഒരു ഓഫീസറുടെ മേൽ കുറ്റം പഴിചാരി ഐ.ഡി.എഫ് കൈകഴുകാൻ ശ്രമിക്കുകയാണെന്ന് റെഡ് ക്രസന്റ് വിമർശിച്ചു. ‘ഈ റിപ്പോർട്ട് നുണകൾ നിറഞ്ഞതാണ്. കൊലപാതകത്തെ ന്യായീകരിക്കുകയും തെറ്റ് ഒരു ഉദ്യോഗസ്ഥന്റെ പിഴവായി ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ ഈ റിപ്പോർട്ട് അസാധുവാണ്, അസ്വീകാര്യവുമാണ്,” റെഡ് ക്രസന്റ് വക്താവ് നെബാൽ ഫർസാഖ് പറഞ്ഞു.

കൊല്ലപ്പെട്ട 15 ഫലസ്തീനികളിൽ ആറ് പേർ ഹമാസ് അംഗങ്ങളാണെന്ന് കൂടുതൽ തെളിവുകൾ നൽകാതെ റിപ്പോർട്ട് വാദിക്കുന്നു. ഇതേ രീതിയിൽ ഇസ്രഈലിന്റെ മുൻ അവകാശവാദങ്ങൾ റെഡ് ക്രസന്റ് നിഷേധിച്ചിരുന്നു.

മാർച്ച് 23ന് പുലർച്ചെ തെക്കൻ ഗസയിൽ രക്ഷാപ്രവർത്തനത്തിനിടെ എട്ട് റെഡ് ക്രസന്റ് പാരാമെഡിക്കുകളെയും ആറ് സിവിൽ ഡിഫൻസ് ജീവനക്കാരെയും ഒരു യു.എൻ ജീവനക്കാരനെയും ഇസ്രഈൽ സൈന്യം വെടിവച്ചു കൊന്നിരുന്നു. സംഭവം അന്താരാഷ്ട്ര പ്രതിഷേധത്തിനും ഇസ്രഈൽ സൈന്യം നടത്തുന്ന യുദ്ധക്കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന ആവശ്യത്തിനും കാരണമായി.

വെടിവയ്പ്പിന് ദിവസങ്ങൾക്ക് ശേഷം അവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങളും വാഹനങ്ങളും ഒന്നിച്ച് കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെടുത്തത്. സൈന്യം വെടിയുതിർത്ത സമയത്ത് പാരാമെഡിക്കൽ ജീവനക്കാരുടെ വാഹനങ്ങൾക്ക് അടിയന്തര സിഗ്നലുകൾ ഇല്ലായിരുന്നുവെന്ന് ഇസ്രഈൽ ആദ്യം അവകാശപ്പെട്ടു. എന്നാൽ പിന്നീട് കൊല്ലപ്പെട്ടവരിൽ നിന്ന് കണ്ടെടുത്ത ഫോണിൽ ഉണ്ടായിരുന്ന വീഡിയോയിൽ സിഗ്നലുകൾ ഉണ്ടായിട്ടും ഇസ്രഈൽ സൈന്യം വെടിയുതിർത്തതായി പറഞ്ഞു. ഇതോടെ ഇസ്രഈൽ സൈന്യം തങ്ങളുടെ അവകാശവാദങ്ങൾ പിൻവലിക്കുകയായിരുന്നു.

ഞായറാഴ്ച സൈന്യത്തിന്റെ ഭാഗത്ത്  തെറ്റ് സംഭവിച്ചതായി കണ്ടെത്തിയെന്ന് ഐ.ഡി.എഫ് പറഞ്ഞു.

തുടർന്ന് ഐ.ഡി.എഫിന്റെ ഗൊലാനി ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാൻഡറെ ഫീൽഡ് കമാൻഡർ എന്ന സ്ഥാനത്ത് നിന്ന് പുറത്താക്കും. അന്വേഷണ സമയത്ത് തെറ്റായ വിവരങ്ങൾ നൽകിയതിനാണ് കമാൻഡറെ പുറത്താക്കുക. എന്നാൽ തെറ്റുകൾ സമ്മതിച്ചിട്ടും, സംഭവത്തിന് ഉത്തരവാദികളായ സൈനിക യൂണിറ്റുകൾക്കെതിരെ ഒരു ക്രിമിനൽ നടപടിയും സ്വീകരിക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നില്ല. കൂടാതെ സൈനികർ ഐ.ഡി.എഫിന്റെ ധാർമ്മിക കോഡുകളുടെ ലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നില്ല.

ഇസ്രഈൽ അന്വേഷണ റിപ്പോർട്ടിൽ കഴമ്പില്ലെന്ന് ഇസ്രഈലിൽ താമസിക്കുന്ന ഫലസ്തീൻ മനുഷ്യാവകാശ അഭിഭാഷകനായ സാവ്സാൻ സഹർ പറഞ്ഞു. ‘ഈ അന്വേഷണത്തിൽ വസ്തുനിഷ്ഠമോ നിഷ്പക്ഷമോ ആയ വസ്തുതകൾ ഒന്നുമില്ല. ഈ കേസിന്റെ പ്രാധാന്യം അനുസരിച്ച് ഉടനടി ക്രിമിനൽ അന്വേഷണങ്ങൾ നടത്തേണ്ടതായിരുന്നു. പകരം ഇസ്രഈൽ സൈന്യം സ്വയം അന്വേഷണം നടത്തുകയും അന്താരാഷ്ട്ര നിയമ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തെളിവുകൾ വീണ്ടും മറയ്ക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Israeli military admits ‘professional failures’ over Gaza paramedic killings




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related