എന്നേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയുമായി ഇഴകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് അന്‍വര്‍, അദ്ദേഹം ഇങ്ങനെ പോകേണ്ടിയിരുന്ന ആളല്ല: കെ.ടി. ജലീല്‍
കോഴിക്കോട്: തന്നേക്കാള്‍ കൂടുതല്‍ പാര്‍ട്ടി(സി.പി.ഐ.എം)യുമായി ഇഴകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് പി.വി. അന്‍വറെന്നും അദ്ദേഹം ഇങ്ങനെ പുറത്ത് പോകേണ്ടിയിരുന്ന ആളായിരുന്നില്ലെന്നും മുന്‍മന്ത്രി കെ.ടി. ജലീല്‍. അന്‍വര്‍ പുറത്തുപോയതും അന്‍വറിന്റെ ഇടപെടലുകളും എല്‍.ഡി.എഫിലോ സി.പി.ഐ.എമ്മിലോ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് അറ്റ് ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തോട് വിയോജിച്ച് നിന്നുകൊണ്ട് മുന്നോട്ട് പോകാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കെ.ടി. ജലീല്‍ എം.എല്‍.എ പറയുന്നു. തിരുത്തല്‍ ഒരു നല്ല കാര്യമാണെന്നും അത് മാത്രമേ തന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞ അദ്ദേഹം പാര്‍ട്ടിക്ക് വരുദ്ധമായി നില്‍ക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും പറഞ്ഞു.
പാര്‍ട്ടിക്ക് വിരുദ്ധമായ ഒരു ലൈനിലേക്ക് പോകരുതെന്ന് അന്‍വറിനോട് താന്‍ പല തവണ പറഞ്ഞിരുന്നെന്നും കെ.ടി. ജലീല്‍ പറയുന്നു. അദ്ദേഹം പുറത്തുപോകാതിരിക്കാനാണ് താന്‍ കൂടെ നില്‍ക്കുന്നു എന്ന പ്രതീതിയുണ്ടാക്കിയതെന്നും എന്നാല്‍ അദ്ദേഹം ഗതിവിട്ടുപോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് അദ്ദേഹത്തോടുള്ള നിലപാട് വ്യക്തമാക്കിയതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ കൂടെ പോയിരുന്നെങ്കില്‍ ഇപ്പോള്‍ താനും തൃണമൂല്‍ കോണ്‍ഗ്രസെന്ന ഭാരം ചുമന്ന് നടക്കേണ്ടി വരുമായിരുന്നില്ലേ എന്നും കെ.ടി. ജലീല്‍ ചോദിക്കുന്നു. പി.വി. അന്‍വറിന്റെ പോക്ക് എങ്ങോട്ടായിരുന്നു എന്ന് ഇപ്പോള്‍ അദ്ദേഹം എത്തിനില്‍ക്കുന്ന പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നുണ്ട് അത് താന്‍ നേരത്തെ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.വി. അന്‍വര്‍
നിലമ്പൂരിലെ സി.പി.ഐ.എമ്മുമായി അത്രയേറെ ഇഴകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് പി.വി. അന്‍വറെന്നും അങ്ങനെയുള്ള ഒരാള്‍ പോകേണ്ടിയിരുന്നില്ലെന്നും കെ.ടി. ജലീല്‍ പറയുന്നു. ഒരുപാട് ഭാരങ്ങള്‍ വെറുതെ ചുമക്കുകയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. അന്‍വറിന്റെ ഇടപെടലുകള്‍ സി.പി.ഐ.എമ്മിന് പ്രശ്‌നമൊന്നുമുണ്ടാക്കില്ലെന്നും സി.പി.ഐ.എം അങ്ങനെയുള്ളൊരു പാര്‍ട്ടിയല്ലെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കെ.ടി. ജലീല്‍
‘ഞാന്‍ ഇടതുപക്ഷത്തോട് വിയോജിച്ച് നിന്ന് മുന്നോട്ട് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. കറക്ഷന്‍ എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. എന്തെങ്കിലും കാരണത്താല്‍, ഏതെങ്കിലും കാര്യത്തെ കുറിച്ച് ശരിയായ നിരീക്ഷണം കിട്ടാതാണ് പ്രശ്‌നമെങ്കില്‍ അത് കറക്ട് ചെയ്യുക എന്ന് മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ. അല്ലാതെ പാര്‍ട്ടിക്ക് വിരുദ്ധമായി നില്‍ക്കുക എന്നതല്ല.
അന്‍വറിനോട് ഞാന്‍ പലതവണ പറഞ്ഞിരുന്നു, പാര്‍ട്ടിക്ക് വിരുദ്ധമായ ഒരു ലൈനിലേക്ക് നമ്മള്‍ പോകരുതെന്ന്. അദ്ദേഹം കൂടി പോകാതിരിക്കാനാണ് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന നില സ്വീകരിച്ചത്. അദ്ദേഹം നിലവിട്ടുപോകുന്നു എന്ന സ്ഥിതി വന്നപ്പോഴാണ് അദ്ദേഹത്തോടുള്ള നിലപാട് ഞാന്‍ വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പോയിരുന്നെങ്കില്‍ ഞാനും ഈ തൃണമൂല്‍കോണ്‍ഗ്രസിനെ ഏറ്റി നടക്കേണ്ടി വരുമായിരുന്നില്ലേ. അദ്ദേഹത്തിന്റെ പോക്ക് എങ്ങോട്ടായിരുന്നുവെന്ന് ഇപ്പോള്‍ അദ്ദേഹം എത്തിനില്‍ക്കുന്ന പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നുണ്ട്. അത് നേരത്തെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു,’ കെ.ടി. ജലീല്‍ പറഞ്ഞു.
content highlights: kt jaleel about pv anwar and cpim