യെമനിൽ യു.എസ് നടത്തിയ ആക്രമണത്തിൽ 68 ആഫ്രിക്കൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടതായി ഹൂത്തികൾ
സന: യെമനിൽ യു.എസ് നടത്തിയ ആക്രമണത്തിൽ 68 ആഫ്രിക്കൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടതായി ഹൂത്തികൾ. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ യെമനിലെ ഒരു തടങ്കൽ കേന്ദ്രത്തിലാണ് യു.എസ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കുറഞ്ഞത് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടതായി ഹൂത്തികൾ പറഞ്ഞു.
ആക്രമണത്തിൽ 47 കുടിയേറ്റക്കാർക്ക് പരിക്കേറ്റതായും അവരിൽ ഭൂരിഭാഗം ആളുകളും ഗുരുതരാവസ്ഥയിലാണെന്നും യെമൻ മാധ്യമമായ അൽ മസിറ റിപ്പോർട്ട് ചെയ്തു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കിടക്കുന്നതായി കാണിക്കുന്ന ഗ്രാഫിക് ഫൂട്ടേജുകൾ അൽ മസിറ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയിലേക്കും ഓമനിലേക്കും ജോലി ചെയ്യുന്നതിന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് എത്യോപ്യയിൽ നിന്നും സൊമാലിയയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ആഫ്രിക്കൻ കുടിയേറ്റക്കാർ എത്താറുണ്ട്. യെമൻ വഴിയാണ് ഇവർ യാത്ര ചെയ്യാറുള്ളത്. ഈ കുടിയേറ്റക്കാരെ കൊലപ്പെടുത്തുന്നതിനായി നടന്നിട്ടുള്ള നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയ സംഭവമാണ് ഇത്. ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സാദ ഗവർണറേറ്റിലാണ് ആക്രമണം ഉണ്ടായത്.
ചെങ്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് മാർച്ച് 15 മുതൽ ‘റഫ് റൈഡർ’ എന്നറിയപ്പെടുന്ന ഓപ്പറേഷനിൽ ഹൂത്തികൾക്കെതിരെ യു.എസ് ദിവസേന ആക്രമണം നടത്തിവരികയാണ്.
ഗസയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2023 ഒക്ടോബറിലാണ് ഹൂത്തികൾ ചെങ്കടലിൽ ഇസ്രഈലി, പാശ്ചാത്യ കപ്പലുകളെ ലക്ഷ്യം വെക്കാൻ തുടങ്ങിയത്. ശനിയാഴ്ചയാണ് ഹൂത്തികളുടെ ഏറ്റവും പുതിയ ആക്രമണം ഉണ്ടായത്. ഇസ്രഈലിന്റെ നെവാറ്റിം വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഫലസ്തീൻ-2 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഹൂത്തികൾ തൊടുത്തുവിട്ടിരുന്നു. മിസൈൽ ഇസ്രഈൽ പ്രതിരോധ സേന വെടിവച്ചു വീഴ്ത്തി.
ജനുവരിയിൽ ഹൂത്തികളെ വിദേശ ഭീകര സംഘടനയായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആരംഭിച്ച ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചും സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചും സൈനികരെ കൊലപ്പെടുത്തിയും ആക്രമണം ഉണ്ടായി. ഇതുവരെ 200ലധികം ആക്രമണങ്ങൾ ഉണ്ടായതായി വൈറ്റ് ഹൗസ് അറിയിച്ചു.
Content Highlight: Houthi rebels say US airstrike on detention centre killed dozens of African migrants