രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശില്‍ അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസിന് ജാമ്യം
ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശില്‍ ജയിലിലടയ്ക്കപ്പെട്ട ഹിന്ദു സന്ന്യാസിയും ഇസ്‌കോണ്‍ നേതാവുമായ ചിന്മോയ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ച് കോടതി. ബംഗ്ലാദേശ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
2024 ഒക്ടോബര്‍ 25ന് ചറ്റോഗ്രാമിലെ ലാല്‍ഡിഗി മൈതാനത്ത് നടന്ന റാലിയില്‍ ബംഗ്ലാദേശിന്റെ ഔദ്യോഗിക പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയര്‍ത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റ് ബംഗ്ലാദേശിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
2024 ഒക്ടോബര്‍ 30നാണ് അദ്ദേഹത്തേയും മറ്റ് 18 പേര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹം അറസ്റ്റിലായതിന് പിന്നാലെ ചിന്മോയിയുടെ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗ്രന്‍ ജോട്ടെ എന്ന സംഘടനയുടെ വക്താവാണ് ചിന്മോയ് ദാസ്.
ന്യൂനപക്ഷ സംരക്ഷണ നിയമം, ന്യൂനപക്ഷ പീഡന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള ട്രൈബ്യൂണല്‍, ന്യൂനപക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രാലയം സ്ഥാപിക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കായി വാദിക്കുന്ന ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ ശക്തമായ വക്താവാണ് അദ്ദേഹം.
രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് ബംഗ്ലാദേശ് ഹൈക്കോടതി ചിന്മോയ് കൃഷ്ണ ദാസിന് ജാമ്യം അനുവദിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പതനത്തിനുശേഷം ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ക്കെതിരായ നടപടികള്‍ക്കിടെയാണ് ഇന്ത്യയിലടക്കം രോഷം ആളിക്കത്തിച്ച ചിന്മോയ് ദാസിന്റെ അറസ്റ്റുണ്ടാവുന്നത്.
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ എന്നിവരെല്ലാം ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റിനിടെയുണ്ടായ പ്രതിഷേധത്തില്‍ ബംഗ്ലാദേശില്‍ അസിസ്റ്റന്റ് പ്രൊസിക്യൂട്ടര്‍ കൊല്ലപ്പെട്ട വാര്‍ത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlight: Chinmoy Krishnadas, arrested in Bangladesh on sedition charges, granted bail