Kerala News
വിഴിഞ്ഞത്ത് കേന്ദ്ര സര്‍ക്കാര്‍ ചില്ലികാശ് പോലും ചെലവഴിച്ചിട്ടില്ലെന്ന കണക്കുമായി കെ.എന്‍. ബാലഗോപാല്‍
കോഴിക്കോട്: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തികരിച്ചതെന്നും രാജ്യത്തെ മറ്റ് വന്‍കിട പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അകമഴിഞ്ഞ് സഹായം നല്‍കിയപ്പോള്‍ വിഴിഞ്ഞത്തെ അവഗണിച്ചെന്നും കെ. എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ആകെ ചെലവായത് 8867 കോടി രൂപയാണ്. ഇതില്‍ കേരള സര്‍ക്കാര്‍ മുടക്കുന്നത് 5595 കോടി രൂപയാണ്. തുറമുഖ നിര്‍മാണത്തിലെ സ്വകാര്യ പങ്കാളിയായ അദാനി പോര്‍ട്ട് ലിമിറ്റഡ് 2454 കോടി രൂപയും ചെലവഴിക്കും.
കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയി നല്‍കുന്ന 817 കോടി രൂപ തിരിച്ചു നല്‍കണമെന്ന നിബന്ധനയുണ്ടെന്നും മന്ത്രി പറഞ്ഞു. നെറ്റ് പ്രസന്റ് മൂല്യം (എന്.പി.വി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം നിബന്ധന വെച്ചിരിക്കുന്നത്. അതായത് 817 കോടി രൂപയ്ക്ക് ഏതാണ്ട് 10,000 മുതല്‍ 12,000 കോടി രൂപ കേരള സര്‍ക്കാര്‍ തിരിച്ചടയ്ക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനര്‍ഹമായ ധനവിഹിതം പിടിച്ചുവെച്ചത്ത് പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ബുദ്ധിമുട്ടിച്ചപ്പോഴും വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പണം എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മുടക്കവും വരുത്തിയിട്ടില്ലെന്നും കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
‘എല്ലാ വര്‍ഷവും ബജറ്റില്‍ വിഴിഞ്ഞം പദ്ധതിയ്ക്ക് കാര്യമായ പിന്തുണ ഉറപ്പാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം പൂര്‍ണതോതില്‍ സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനായി വിവിധ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ നാവായിക്കുളവുമായി ബന്ധിപ്പിക്കുന്ന ഔട്ടര്‍ റിങ് റോഡിന്റെ ഇരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ മേഖലയില്‍ ഔട്ടര്‍ റിങ് എരിയാ ഗ്രോത്ത് കോറിഡോറുകള്‍ വികസിപ്പിക്കാനും, ഏഴ് പ്രധാന ഇക്കണോമിക് നോഡുകള്‍ കൂടി ഉള്‍പ്പെടുത്തി ബൃഹത് പദ്ധതിയായി ഇതിനെ മാറ്റാനുമുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിഴിഞ്ഞത്തെ ലോകത്തിലെ തന്നെ സുപ്രധാന കയറ്റുമതി-ഇറക്കുമതി തുറമുഖമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ഇടനാഴി പദ്ധതി ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങളെ തെരഞ്ഞെടുത്ത് പൊതുസ്വകാര്യ-എസ്.പി.വി മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്നതിന് ഭൂമി വാങ്ങുന്നതിനായി കിഫ്ബി വഴി 1000 കോടി രൂപ നിക്ഷേപിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ വിഴിഞ്ഞത്ത് ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രം സ്ഥാപിക്കുന്നതു ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഇന്നലെ (വ്യാഴാഴ്ച്ച) കേരളത്തില്‍ എത്തിയിരുന്നു. രാവിലെ 10:30നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ പ്രധാനമന്ത്രി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കാളികളാവും.
Content Highlight: The central government has not spent even a penny in Vizhinjam: K.N. Balagopal says