മലയാള സിനിമയിലെ എല്ലാ നടൻമാരെയും സംശയത്തിൻ്റെ നിഴലിലാക്കുന്നു, ലിസ്റ്റിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കണം: സാന്ദ്രാ തോമസ്
കൊച്ചി: ഇന്നലെ (വെള്ളി) ലിസ്റ്റിൻ നടത്തിയ വിവാദ പ്രസ്താവനക്ക് പിന്നാലെ ലിസ്റ്റിനെതിരെ പ്രതികരണവുമായി നിർമാതാവ് സാന്ദ്രാ തോമസ്. കൊച്ചിയിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പേരോ കുറ്റമോ പരാമർശിക്കാതെ ഒരു നടനെതിരെ ലിസ്റ്റിൻ പ്രതികരിച്ചത്. ‘മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്’ എന്നായിരുന്നു ലിസ്റ്റിൻ്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് ലിസ്റ്റിനെതിരെ സാന്ദ്ര തോമസ് രംഗത്തുവന്നത്.
സിനിമ സംഘടനകളുടെ പ്രധാനം സിനിമയ്ക്കകത്തു നടക്കുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണെന്നും എന്നാൽ ലിസ്റ്റിൻ ഇന്നലെ നടത്തിയ പ്രസ്താവന മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും സാന്ദ്രാ തോമസ് അഭിപ്രായപ്പെട്ടു.
ലിസ്റ്റിന്റെ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ നിര്‍മാതാക്കളുടെ സംഘടയില്‍ നിന്നും ലിസ്റ്റിനെ പുറത്താക്കണമെന്ന് ആവശ്യമാണ് സാന്ദ്രാ തോമസ് ഉന്നയിച്ചത്. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സാന്ദ്രാ തോമസ് ഇക്കാര്യം പറഞ്ഞത്.
ഇതിനിടെ ലിസ്റ്റിൻ പറഞ്ഞ നടൻ നിവിൻ പോളിയാണെന്നാണ് റൂമറുൾ. ലിസ്റ്റിൻ നിർമിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ നിവിൻ പോളിയെ ഇൻസ്റ്റാഗ്രാമിൽ നിന്നും ലിസ്റ്റിനും ചിത്രത്തിൻ്റെ സംവിധായകൻ അരുൺ വർമയും അൺഫോളോ ആക്കിയതാണ് റൂമറുകൾക്ക് കാരണം.
സാന്ദ്രാ തോമസ് പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം
ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ ?
സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രമ്യതയില്‍ പരിഹരിക്കുക എന്നുള്ളതാണ് .
എന്നാല്‍ ഇന്നലെ ഒരു പൊതുവേദിയില്‍ വെച്ച് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്തത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം.
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി ഞാന്‍ മുന്നോട്ട് പോയപ്പോള്‍ എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച (കോടതിയില്‍ നിലനിന്നില്ല എങ്കില്‍പ്പോലും ) പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നേതൃത്വം ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയില്‍ കേരളാ ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Content Highlight: Listin stephen should be expelled from the Producers Association: Sandra Thomas