ഓപ്പറേഷന്‍ സിന്ദൂര്‍; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നാളെ (ബുധനാഴ്ച്ച) സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ് എട്ടിന് രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ഇത് സംബന്ധിച്ച അറിയിപ്പ് എക്‌സില്‍ പങ്കുവെച്ചത്.
പാകിസ്ഥാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കും. പാകിസ്ഥാനും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന 10 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാര്‍, ഡി.ജി.പി, ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായാണ് അമിത് ഷാ സംസാരിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും ചര്‍ച്ച നടത്തുക.
അതേസമയം പാക് അധിനിവേശ കശ്മീരിലേയും പാക് പഞ്ചാബിലേയും ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഓപ്പറേഷനെ പ്രശംസിച്ച മോദി ഭീകരതയോട് തന്റെ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്ന് പറഞ്ഞു.
പഹല്‍ഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായും 60ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുലര്‍ച്ചെ 1:44 നായിരുന്നു ആക്രമണം നടത്തിയത്. മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.
ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുമ്പുതന്നെ ശേഖരിച്ചിരുന്നു.
പാകിസ്ഥാനിലെ ബവല്‍പൂരില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പറഞ്ഞതായി ബി.ബി.സി ഉറുദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരില്‍ തന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായി ജെയ്ഷെ മുഹമ്മദ് മേധാവി പറഞ്ഞു. ആക്രമണത്തില്‍ അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അനുയായികളും കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
Content Highlight: Operation Sindoor; Central government calls all-party meeting