ദി വയറിനെ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍; നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമെന്ന് സ്ഥാപനം
ന്യൂദല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമ സ്ഥാപനമായ ദി വയറിന്റെ വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദി വയര്‍ തന്നെയാണ് പുറത്തുവിട്ടത്.
2000ലെ ഐ.ടി ആക്ട് പ്രകാരം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടിയെടുത്തതെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ അറിയിച്ചതായി ദി വയര്‍ പറഞ്ഞു. നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്നും വയര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഈ നഗ്‌നമായ സെന്‍സര്‍ഷിപ്പ് നടപടിയില്‍ തങ്ങള്‍ പ്രതിഷേധിക്കുന്നുവെന്നും ദി വയര്‍ വ്യക്തമാക്കി. ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ ഈ നീക്കത്തെ വെല്ലുവിളിക്കാന്‍ ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുമെന്നും മാധ്യമ സ്ഥാപനം അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി വായനക്കാര്‍ തങ്ങളോടൊപ്പമുണ്ട്. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ എല്ലാ വായനക്കാരിലേക്കും സത്യവും കൃത്യവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് സ്ഥാപനം പിന്തിരിയുകയില്ലെന്നും ദി വയര്‍ പറഞ്ഞു.
നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ ഉടനീളം ദി വയറിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ദി വയറിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് ‘അവര്‍ ആരംഭിച്ച് കഴിഞ്ഞു’ എന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ. സഹദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘വിസിലടിച്ച് മൂപ്പിക്കുന്ന പണി ‘ദി വയര്‍’ ചെയ്യാറില്ല. പ്രതിപക്ഷ സ്വഭാവത്തോടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താറുണ്ട്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് കാണുന്നു. അത് നിരാശാജനകമാണ് പ്രതിഷേധാര്‍ഹമാണ്,’ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ പ്രതികരിച്ചു.
അതേസമയം ദി വയറിന്റെ വെബ് സൈറ്റിലേക്കുള്ള പ്രവേശനം തടസപ്പെട്ടിട്ടില്ലെന്നും വാര്‍ത്തകള്‍ വായിക്കാന്‍ കഴിയുന്നുണ്ടെന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്.
Content Highlight: Central government blocks The Wire; institution says action is a clear violation of press freedom