Kerala News
പാകിസ്ഥാന്റെ അഭ്യർത്ഥനയിലാണ് വെടിനിർത്തൽ ഉണ്ടായതെങ്കിൽ മോദി എന്തുകൊണ്ട് കുല്‍ഭൂഷന്‍ യാദവിന്റെ മോചനം പോലും ആവശ്യപ്പെട്ടില്ല? സന്ദീപ് വാര്യര്‍
പാലക്കാട്: മൂന്നാംകക്ഷിയുടെ ഇടപെടലില്ലാതെയാണ് ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ സാധ്യമായതെങ്കില്‍ എന്തുകൊണ്ട്
കുല്‍ഭൂഷന്‍ യാദവിനെ മോചിപ്പിക്കണമെന്ന മിനിമം ഡിമാന്‍ഡ് പോലും പ്രധാനമന്ത്രി ഉപാധിയായി വെച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ ചോദ്യം.
‘പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയിലാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെങ്കില്‍ എന്തുകൊണ്ടാണ് കുല്‍ഭൂഷന്‍ യാദവിനെ മോചിപ്പിക്കണം എന്ന മിനിമം ഡിമാന്‍ഡ് പോലും മോദി വെക്കാതിരുന്നത് ? എത്രകാലമായി ആ പാവം നരകയാതന അനുഭവിക്കുന്നു?,’ സന്ദീപ് വാര്യര്‍ കുറിച്ചു.
മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ യാദവിനെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്ഥാനില്‍ വെച്ചാണ് കുല്‍ഭൂഷന്‍ അറസ്റ്റിലായത്. ഇന്ത്യന്‍ ചാരസംഘടനയായ ‘റോ’യുടെ ചാരനാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 2017 ഏപ്രില്‍ 10ന് കുല്‍ഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
ഇത്തവണ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ മിത്രങ്ങള്‍ അതിനെ ഹിന്ദു-മുസ്‌ലിം സഘര്‍ഷമാക്കാനുള്ള തിരക്കിലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതിനുശേഷം പാകിസ്ഥാനെ തങ്ങള്‍ ഇതാ തകര്‍ക്കാന്‍ പോകുന്നു, കറാച്ചി പോര്‍ട്ട് തകര്‍ത്തു, ബലൂചിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമാകും, പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കും, മോദി ഡാ… ഇങ്ങനെ ഓരോ ദിവസവും തള്ളി മറിക്കുകയായിരുന്നു മിത്രങ്ങളെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നത് പോലെ, മോദി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ മിത്രങ്ങളെല്ലാവരും സമാധാനപ്രിയരും നയതന്ത്ര വിദഗ്ധരും ആയിരിക്കുകയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥ വഹിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തലില്‍ തീരുമാനമുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ട്രംപ് എക്സില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു
എന്നാല്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തലുണ്ടായത് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചിട്ടാണോ രാജ്യത്തെ ജനങ്ങള്‍ അറിയേണ്ടതെന്നാണ് കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചത്.
ഇതിനുപുറമെ ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായത് അമേരിക്കയില്‍ നിന്നും സുപ്രധാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വിളിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും ഇടക്കാല ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോയും, വൈറ്റ് ഹൗസ് തീഫ് ഓഫ് സ്റ്റാഫ് സൂസി വെല്‍സും ചേര്‍ന്ന് പാകിസ്ഥാനും ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തത്.
പിന്നാലെ സിംല കരാര്‍ നമ്മള്‍ ഉപേക്ഷിച്ചോയെന്നും മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് നമ്മള്‍ വാതില്‍ തുറന്നിട്ടുണ്ടോയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളിലെല്ലാം പ്രധാനമന്ത്രിയില്‍ നിന്ന് തന്നെ ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlight: Sandeep Varier questions Modi on ceasefire between India and Pakistan