Kerala News
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നത്; ആര്‍.എസ്.എസ് നേതാവിനെതിരെ പരാതി
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ സുപ്രീം കോടതിക്കും പങ്കുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് ജെ. നന്ദകുമാറിന്റെ പ്രസ്താവനക്കെതിരെ പരാതി. അഭിഭാഷകനും കെ.പി.സി.സി മീഡിയ പാനലിസ്റ്റുമായ വി.ആര്‍. അനൂപാണ് നന്ദകുമാറിനെതിരെ പരാതി നല്‍കിയത്.
ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം ഒരേസമയം രാജ്യത്തെ ഐക്യം തകര്‍ക്കുന്നതും രാജ്യദ്രോഹപരവുമാണെന്നും വി.ആര്‍. അനൂപ് പറഞ്ഞു. പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നതാണെന്നും വി.ആര്‍. അനൂപ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിലാണ് വി.ആര്‍. അനൂപ് പരാതി നല്‍കിയത്. പഹല്‍ഗാമിലെ ആക്രമണത്തിലും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയതിലും സുപ്രീം കോടതിക്കും പങ്കുണ്ടെന്നായിരുന്നു ജെ. നന്ദകുമാറിന്റെ പ്രസ്താവന.
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായെന്നും അതിലൂടെ ഭീകരര്‍ക്ക് അക്സസുള്ള ഒരു സര്‍ക്കാരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നുമാണ് ജെ. നന്ദകുമാര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു ജെ. നന്ദകുമാറിന്റെ പ്രതികരണം.
സുപ്രീം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്‌നമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം. കൊളീജിയം തിരുമേനിമാര്‍, കൊളീജിയം എമ്പുരാന്മാര്‍ എന്നിങ്ങനെ വിശേഷിപ്പിച്ച് സുപ്രീം കോടതി ജഡ്ജിമാരെ ജെ. നന്ദകുമാര്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ജഡ്ജിമാര്‍ ഇരുന്ന് അവരുടെ മക്കള്‍ക്കും മരുമക്കള്‍ക്കും കൂട്ടുകാര്‍ക്കും വീട്ടില്‍ പണിയെടുക്കുന്നവര്‍ക്കും ജഡ്ജിയുദ്യോഗം കൊടുക്കാന്‍ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കിയെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു.
ആളുകള്‍ തമ്മില്‍ തെരുവില്‍ നടക്കുന്ന തല്ലുപോലെ, എക്സിക്യുട്ടീവും ജുഡീഷ്യറിയും ലജിസ്ലേച്ചറും തമ്മില്‍ത്തല്ലരുതെന്ന ബോധ്യമുള്ളതുകൊണ്ടാണ് കേന്ദ്രം ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞിരുന്നു.
കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യണമെന്ന് തീരുമാനിച്ചത് ഭരണഘടനാ വിരുദ്ധമായിട്ടല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ വോട്ട് ചെയ്താണ് ബില്‍ പാസായതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബില്‍ പാസാക്കേണ്ട സര്‍ക്കാരിന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് നടത്താന്‍ അന്ത്യശാസനം നല്‍കുകയാണ് ചെയ്തതെന്നും ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് പ്രസംഗിച്ചിരുന്നു.
ഇപ്പോള്‍ പ്രസിഡന്റിനും ഗവര്‍ണമാര്‍ക്കും അന്ത്യശാസനം കൊടുത്തില്ലേയെന്നും ജെ. നന്ദകുമാര്‍ ചോദിച്ചിരുന്നു. ജമ്മുവിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ജെ. നന്ദകുമാറിന്റെ പരാമര്‍ശം.
Content Highlight: Complaint filed against J. Nandakumar for mentioning involvement in Pahalgam terror attack, insulting Supreme Court