national news
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; പാകിസ്ഥാന്‍ ഇന്ത്യക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട്. കത്തയച്ചത് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണെന്നാണ് വിവരം.
സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്നും ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തില്‍ പാകിസ്ഥാന്‍ അഭ്യര്‍ത്ഥിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്തയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
‘സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. പാകിസ്ഥാന്‍ ഒരു കാര്‍ഷിക സമ്പദ്‌വ്യവസ്ഥയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ഉടമ്പടി പ്രകാരം അനുവദിക്കുന്ന വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ ജനങ്ങളുടെയും അതിന്റെ സമ്പദ്‌വ്യവസ്ഥയുടെയും നേരെയുള്ള ആക്രമണത്തിന് തുല്യമാണ്,’ കത്തില്‍ പറയുന്നു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്.
പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പിന്തുണക്കുന്നത് പാകിസ്ഥാന്‍ നിര്‍ത്തുന്നത് വരെ കരാര്‍ മരവിപ്പിക്കുമെന്ന് ഇന്നലെ (ചൊവ്വ) വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനുമായി ഇനി വ്യാപാരം അടക്കമുള്ള ഒരു വിഷയങ്ങളിലും ചര്‍ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരേസമയം രക്തവും വെള്ളവും ഒഴികില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിരുന്നു. 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും സിന്ധു നദീജല കരാറില്‍ ഒപ്പുവെച്ചത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്.
നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇരുരാജ്യങ്ങളും കരാറിലെത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളം പാകിസ്ഥാനും 20 ശതമാനം ഇന്ത്യക്കും ഉപയോഗിക്കാം. ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു കരാര്‍ നിലവില്‍ വന്നത്.
കിഴക്കന്‍ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ അവകാശം പാകിസ്ഥാനുമായിരുന്നു.
Content Highlight: Pakistan urges India to reconsider Indus Waters Treaty: Report