പിണറായിക്കില്ലാത്ത കാട്ടുപന്നി സ്‌നേഹം വനംവകുപ്പിന് വേണ്ട; കെ.യു ജനീഷ് കുമാറിന് പിന്തുണ അറിയിച്ച് സി.പി.ഐ.എം നേതാവ്
കോന്നി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി സി.പി.ഐ.എം ചിറ്റാര്‍ ഏരിയ സെക്രട്ടറി എം.എസ് രാജേന്ദ്രന്‍. കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചുള്ള മാര്‍ച്ചിലായിരുന്നു നേതാവിന്റെ ഭീഷണി.
കാക്കിയില്ലെങ്കില്‍ ഡി.വൈ.എഫ്.ഐകാര്‍ക്ക് കാലുവാരി അടിക്കാനുള്ള ഉദ്യോഗസ്ഥരേ വനംവകുപ്പിലുള്ളൂവെന്നായിരുന്നു എം.എസ് രാജേന്ദ്രന്റെ ഭീഷണി പ്രസംഗം. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ തല്ലി കൊല്ലുമെന്നും പിണറായിക്കില്ലാത്ത കാട്ടുപന്നി സ്‌നേഹം വനംവകുപ്പിന് വേണ്ടെന്നും എം.എസ് രാജേന്ദ്രന്‍ പറഞ്ഞു.
ശനിയാഴ്ച കുളത്തുമണ്ണിലെ ഒരു സ്വകാര്യ തോട്ടത്തില്‍10 വയസ് പ്രായമുള്ള കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍, ചോദ്യം ചെയ്യാന്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് എം.എല്‍.എയും സി.പി.ഐ.എം പ്രവര്‍ത്തകരും പാടം ഫോറസ്റ്റ് ഓഫീസിലെത്തിയത്. എം.എല്‍.എ ബലമായി കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിയമപരമല്ലാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്. സ്റ്റേഷനിലെത്തിയ എം.എല്‍.എ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ എം.എല്‍.എയുടെ ഏതാനും പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു.
ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പല തീവ്രസംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടി വന്നതെന്ന് എം.എല്‍.എ പിന്നീട് വ്യക്തമാക്കിയിരുന്നു.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും തലപോയാലും ജനങ്ങള്‍ക്കൊപ്പമെന്നും എം.എല്‍.എ പ്രതികരിച്ചിരുന്നു.
സ്ഥലം പാട്ടത്തിന് എടുത്ത് കൈതകൃഷി നടത്തുന്നവര്‍ സോളാര്‍ വേലിയില്‍ അനുവദനീയമായതിലും കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ഷോക്കിന് കാരണമായതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തില്‍ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എം.എല്‍.എ എത്തി സ്റ്റേഷനില്‍ നിന്ന് ഇറക്കിയത്.
കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ബലമായി മോചിപ്പിച്ചുവെന്ന ആരോപണത്തിനിടെ എം.എല്‍.എ കെ.യു. ജെനീഷ് കുമാറിനെതിരെ കേസെടുക്കുകയും ചെയിതിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്.
Content Highlight: The Forest Department does not need the love for wild boar that Pinarayi lacks; CPI(M) leader expresses support for KU Janeesh Kumar