നർത്തകിയോട് അശ്ലീലച്ചുവയോടെ പെരുമാറി; 70 വയസുള്ള ബി.ജെ.പി നേതാവിനെതിരെ നടപടിയെടുത്ത് പാർട്ടി
ലഖ്‌നൗ: പൊതുപരിപാടിയിൽ നർത്തകിയോട് അശ്ലീലമായി പെരുമാറുന്ന ബി.ജെ.പി നേതാവിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നേതാവിനെതിരെ നടപടിയെടുത്ത് പാർട്ടി. ഉത്തർപ്രദേശിലെ ബൻസ്ദി നിയമസഭാ സീറ്റിൽ മത്സരിച്ചിരുന്ന മുതിർന്ന നേതാവായ ബബ്ബൻ സിങ് രഘുവംശിയെയാണ് പാർട്ടി പുറത്താക്കിയത്.
ഒരു വിവാഹച്ചടങ്ങിൽ നിന്നുള്ളതാണെന്ന് സംശയിക്കുന്ന വീഡിയോയിൽ, നർത്തകിയെ ബി.ജെ.പി നേതാവ് നിർബന്ധപൂർവം മടിയിൽ ഇരുത്തിക്കുന്നതും അനുചിതമായി സ്പർശിക്കുന്നതും ചുംബിക്കുന്നതും കാണിക്കുന്നു. സംഭവം ബീഹാറിൽ വെച്ച് നടന്ന ഒരു വിവാഹാഘോഷത്തിന്റേതാണെന്ന് ബബ്ബൻ സിങ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടി ആരോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് സിങ് പറയുന്നത്.
നിലവിൽ രസ്രയിലെ കിസാൻ സഹകരണ മില്ലിന്റെ ഡെപ്യൂട്ടി ചെയർമാൻ ആണ് 70 കാരനായ രഘുവംശി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് സിങ്ങിന്റെ വാദം. ബൻസ്ദിഹിൽ നിന്നുള്ള നിലവിലെ ബി.ജെ.പി എം.എൽ.എ കേതകീ സിങ്ങിന്റെ കുടുംബം തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘എന്റെ പ്രതിച്ഛായ തകർക്കാനുള്ള മനപൂർവമായ ഗൂഢാലോചനയാണിത്. വീഡിയോ കെട്ടിച്ചമച്ചതാണ്. എം.എൽ.എ കേതകീ സിങ്ങിന്റെ കുടുംബാംഗങ്ങളാണ് ഇതിന് പിന്നിൽ,’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും ആസാദ് അധികാർ സേനയുടെ പ്രസിഡന്റുമായ അമിതാഭ് താക്കൂർ സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബല്ലിയ പൊലീസ് സൂപ്രണ്ടിന് കത്തയക്കുകയും ചെയ്തു. കത്തിൽ ഈ സംഭവം അങ്ങേയറ്റം അശ്ലീലമാണെന്നും ലജ്ജാകരമാണെന്നും താക്കൂർ വിശേഷിപ്പിച്ചു. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ ബി.ജെ..പി നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlight: BJP leader, 70, sacked after vulgar video of him with dancer goes viral