World News
ഗസയിലേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടുന്ന 90 ഓളം ട്രക്കുകള്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്
ഗസ: ഗസയിലേക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങള്‍ അടങ്ങുന്ന 90 ട്രക്കുകള്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. 10 ആഴ്ച്ചത്തെ ഉപരോധത്തിന് ശേഷമായി ഇതാദ്യമായാണ് ഗസയിലേക്ക് ട്രക്കുകള്‍ എത്തുന്നത്.
എന്നാല്‍ മുഴുവന്‍ ബന്ദികളെയും വിട്ട് നല്‍കിയതിന് ശേഷം മാത്രമെ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുള്ളുവെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഗസയില്‍ 87 സഹായ ട്രക്കുകള്‍ എത്തിയതായി ഗസയിലെ മാധ്യമ ഓഫീസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ സന്ദര്‍ശനം നടത്തുന്ന വിദേശ നയതന്ത്രജ്ഞരുടെ സംഘത്തിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഹായ ട്രക്കുകള്‍ ഗസയില്‍ എത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം ലോകവ്യാപകമായി വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഗസയിലേക്ക് സഹായധനങ്ങള്‍ എത്തിച്ചെന്ന ഇസ്രഈലിന്റെ വാദം വ്യാജമാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. സഹായങ്ങളുമായി ഒരു ട്രക്കുകളും ഇന്നലെ (ബുധന്‍) മുതല്‍ ഗസയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തത്.
നയതന്ത്ര സമ്മര്‍ദ്ദങ്ങളാല്‍ ഗസയിലേക്ക് കുറഞ്ഞ അളവിലെങ്കിലും സഹായധനങ്ങള്‍ അനുവദിക്കാന്‍ ആരംഭിച്ചു എന്നാണ് ഇസ്രഈല്‍ ഞായറാഴ്ച്ച പ്രസ്താവനയിലൂടെ അറിയിച്ചത്. ഈ ആഴ്ച 90ലധികം സഹായ ലോറികള്‍ സ്ട്രിപ്പില്‍ പ്രവേശിച്ചതായി ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ട്രക്കുകള്‍ പലതും ഗസയിലെ കരേം അബു സലേമില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് രണ്ട് മുതല്‍ ഗസയിലേക്ക് യാതൊരു വിധത്തിലുള്ള സഹായധനങ്ങളും കടത്തിവിട്ടിട്ടില്ലെന്ന് ഗസ പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ അബു ഹസ്നയും വ്യക്തമാക്കുകയുണ്ടായി.
ഗസയിലെ നിലവില അവസ്ഥകള്‍ക്ക് പരിഹരം കാണാന്‍ പ്രതിദിനം ഏകദേശം 600 ഓളം ട്രക്കുകള്‍ വേണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഗസയില്‍ അടിയന്തര സഹായമെത്തിയില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ തലവന്‍ ടോം ഫ്ലെച്ചര്‍ കഴിഞ്ഞ ദിവസം മുറിയിപ്പ് നല്‍കിയിരുന്നു.
ഗസയില്‍ നിരപരാധികളായ ഫലസ്തീനികളെ നെതന്യാഹു സര്‍ക്കാര്‍ കൊന്നൊടുക്കുകയാണെന്ന് മുന്‍ഇസ്രഈല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ടും പ്രതികരിച്ചിരുന്നു. ഗസയിലെ ഇസ്രഈല്‍ നടപടികള്‍ യുദ്ധക്കുറ്റത്തിന് അടുത്ത് നില്‍ക്കുന്നതാണെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ എഹുദ് പറഞ്ഞു.
നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതിനോടൊപ്പം ഇല്ലാതാകുന്നത് നിരപരാധികളായ കുറേ ഇസ്രഈല്‍ സൈനികരാണെന്നും എഹുദ് കൂട്ടിച്ചേര്‍ത്തു. ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു നേട്ടവും ഇസ്രഈല്‍ കൈവരിച്ചിട്ടില്ലെന്നും യുദ്ധത്തിന് ഒരു അന്തിമ ലക്ഷ്യമില്ലെന്നും എഹുദ് വിമര്‍ശിച്ചിരുന്നു.
Content Highlight: Nearly 90 trucks carrying food and medicine have reportedly arrived in Gaza