World News
വാഷിങ്ടണിലെ ഇസ്രഈല്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കൊലപാതകം; പിന്നില്‍ യൂറോപ്പിന്റെ ജൂതവിരുദ്ധതയെന്ന് ഇസ്രഈല്‍ മന്ത്രി
ടെല്‍ അവീവ്: വാഷിങ്ടണിലെ ജൂതമ്യൂസിയത്തിന് സമീപം ഇസ്രഈലി നയതന്ത്ര ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യൂറോപ്യന്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഇസ്രഈലി വിദേശകാര്യ മന്ത്രി ഗിഡിയോന്‍ സാര്‍.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ലോകത്ത് മുഴുവന്‍ ഇസ്രഈലിനോടുള്ള ശത്രുതയുടെ അന്തരീക്ഷമാണെന്നും പല രാജ്യങ്ങളിലെയും പ്രത്യേകിച്ച് യൂറോപ്പില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഈ പ്രേരണയ്ക്ക് പിന്നിലെന്നും ഗിഡിയോന്‍ സാര്‍ ആരോപിച്ചു.
എന്നാല്‍ ഏത് നേതാവിനെയാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വെളിപ്പെടുത്തിട്ടില്ല. ഗസയിലെ സൈനിക നടപടി അവസാനിപ്പിച്ച് മുനമ്പിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഇസ്രഈലിന് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇസ്രഈലിനെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, കുഞ്ഞുങ്ങളെ കൊലപ്പെടുത്തല്‍ എന്നീ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ച് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂതവിരുദ്ധതയുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രഈല്‍ അംബാസിഡറായ ഡാനി ഡനോന്‍ ആരോപിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക വഴി നിയന്ത്രണ രേഖ മറികടന്നിരിക്കുകയാണെന്നും യു.എസ് ഈ വിഷയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രഈല്‍ അംബാസിഡര്‍ എക്സില്‍ കുറിക്കുകയുണ്ടായി.
ജൂതവിരുദ്ധതയെത്തുടര്‍ന്നാണ് ആക്രണം നടന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചു. ‘വെറുപ്പിനും റാഡിക്കലിസത്തിനും യു.എസില്‍ സ്ഥാനമില്ല. ഇരകളുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുന്നതില്‍ വിഷമമുണ്ട്,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇന്നലെ പ്രദേശിക സമയം 7:05 ഓട് കൂടി ജൂത മ്യൂസിയത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് പുറത്തേക്ക് വരുമ്പോഴാണ് എംബസി ഉദ്യോഗസ്ഥരായ യുവാവും യുവതിയുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. യാരോണ്‍ ലിചിന്‍സ്‌കി, സാറാ ലിന്‍ മില്‍ഗ്രം എന്നീ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലിയാസ് റോഡ്രിഗസ് എന്നാണ് ആക്രമിയുടെ പേര്. ഇയാള്‍ നാലംഗ സംഘത്തിന് നേരെയാണ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട എംബസി ഉദ്യോഗസ്ഥര്‍ അടുത്തിടെ വിവാഹിതരാവാന്‍ പോകുന്നവരായിരുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Content Highlight: Israeli minister blames European anti-Semitism for assassination of Israeli embassy officials in Washington