12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക അറ്റാദായം 98.16 കോടി രൂപ; ചരിത്രത്തിലെ മികച്ച പ്രകടനം

Date:



Kerala News


കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക അറ്റാദായം 98.16 കോടി രൂപ; ചരിത്രത്തിലെ മികച്ച പ്രകടനം

തിരുവനന്തപുരം: സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത് കോര്‍പ്പറേഷന്റെ 72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. 2024-25 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണെന്ന് കോര്‍പ്പറേഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തൊട്ട് മുന്‍പത്തെ വര്‍ഷത്തെ വാര്‍ഷികലാഭത്തില്‍ നിന്നും 32.56% വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ കോര്‍പ്പറേഷന്റെ അറ്റാദായത്തില്‍ ഏകദേശം 14 മടങ്ങ് (1392 ശതമാനം) വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കോര്‍പ്പറേഷന്റെ വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടിയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി (Net worth) 1328.83 കോടി രൂപയായി വര്‍ധിച്ചത് കെ.എഫ്.സിയുടെ ശക്തമായ സാമ്പത്തികവളര്‍ച്ചയുടെ സൂചകമാണ്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി വര്‍ധിക്കാന്‍ സഹായകമായി. ഇത് എന്‍.ബി.എഫ്.സികള്‍ക്ക് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന കുറഞ്ഞ നിരക്കായ 15 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

കൂടാതെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.67 ശതാമാനമായും (2.88% ആയിരുന്നത്) അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.61 ശതാമാനമായും (0.68% ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ.എഫ്.സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍, എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി 4002.57 കോടി രൂപയുടെ വായ്പകളാണ് കെ.എഫ്.സി അനുവദിച്ചത്. ആകെ വായ്പാ വിതരണം 3918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3980.76 കോടി രൂപയുമാണ്.

സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ഇതുവരെയുള്ള സര്‍ക്കാര്‍ മൂലധനം 920 കോടി രൂപയാണ്. അതില്‍ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അഞ്ച് ശതമാനം മുതലുള്ള പലിശനിരക്കില്‍ വായ്പകള്‍ നല്‍കുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് സംസ്ഥാനത്തെ വ്യവസായമേഖലയുടെയും ധനസ്ഥിതിയുടെയും പുരോഗതി കൂടിയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

രണ്ട് കോടി രൂപ വരെ അഞ്ച് ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വഴി 3028 സംരംഭങ്ങള്‍ക്കായി 1032.89 കോടി രൂപ വായ്പയായി അനുവദിക്കുകയും, തത്ഫലമായി പ്രത്യക്ഷമായും പരോക്ഷമായും 81,634 തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികവുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആശയ രൂപീകരണം മുതല്‍ കമ്പനികളുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന ‘കെ.എഫ്.സി- സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി’യിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 5.6 ശതമാനം പലിശനിരക്കില്‍ ഈടില്ലാതെ വായ്പ ലഭ്യമാകും.

ഇതുകൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിനും വെഞ്ച്വര്‍ ഡെബ്റ്റ് ഫണ്ടിങിനും പത്തുകോടി രൂപവരെയുള്ള വായ്പയും ലഭ്യമാണ്. പദ്ധതി വഴി ഇതുവരെ 72 കമ്പനികള്‍ക്കായി 95.20 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും 1730 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പാ ആസ്തി നേടാനാണ് കെ.എഫ്.സി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിനായി, എം.എസ്.എം.ഇകള്‍, ടൂറിസം വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്ക്കരിക്കാന്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നുണ്ട്. ഈ കഴിഞ്ഞ ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വായ്പാ പരിധി പത്തുകോടിയില്‍ നിന്നും പതിനഞ്ച് കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എഫ്.സിയുടെ ശക്തമായ സാമ്പത്തിക പ്രകടനം, പ്രത്യേകിച്ച് ഒരു ശതമാനത്തില്‍ താഴെയുള്ള ഏറ്റവും കുറഞ്ഞ അറ്റ നിഷ്‌ക്രിയ ആസ്തി, കോര്‍പ്പറേഷന്റെ വിവേകപൂര്‍ണമായ വായ്പാനടപടികളെയാണ് സൂചിപ്പിക്കുന്നതെന്ന് കെ.എഫ്.സി എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് പറഞ്ഞു.

ഈ റെക്കോര്‍ഡ് പ്രകടനം കേരളത്തിന്റെ വ്യാവസായിക-സംരംഭക മുന്നേറ്റത്തില്‍ കെ.എഫ്.സിയുടെ പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ എം.എസ്.എം.ഇ, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും കെ.എഫ്.സി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഡോ. ശ്രീറാം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും കെ.എഫ്.സി ഈ വര്‍ഷം സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഓഫീസുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണവും ജീവനക്കാര്‍ക്ക് ഗുണനിലവാരമുള്ള പരിശീലനം നല്‍കുന്നതും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Kerala Financial Corporation’s annual net profit is Rs 98.16 crore; best performance in history




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related