national news
മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം; ഗവര്‍ണറെ സന്ദര്‍ശിച്ച് 10 എം.എല്‍.എമാരുടെ സംഘം
ഇംഫാല്‍: മണിപ്പൂരില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 10 എം.എല്‍.എമാര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ചു.
എട്ട് ബി.ജെ.പി എം.എല്‍.എമാരും എന്‍.പി.പിയില്‍ നിന്നുള്ള ഒരു എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും അടങ്ങുന്ന സംഘമാണ് ഗവര്‍ണറെ സമീപിച്ചത്. രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
22 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് എം.എല്‍.എമാരുടെ സംഘം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. ഗവര്‍ണറെ സന്ദര്‍ശിച്ച 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
യുംനാം രാധേശ്യാം സിങ്, തോക്ക്ചോം രാധേശ്യാം സിങ്, ലൗറെംബം രാമേശ്വര്‍ മെയ്‌തേയ്, തങ്ജം അരുണ്‍കുമാര്‍, കെ.എച്ച്. രഘുമണി സിങ്, കോങ്ഖാം റോബിന്ദ്രോ സിങ്, പവോനം ബ്രോജെന്‍ സിങ്, ഷെയ്ഖ് നൂറുല്‍ ഹസന്‍, ജാന്‍ഗെംലിയംഗ്, സപം നിഷികാന്ത് സിങ് എന്നീ എം.എല്‍.എമാരാണ് ഗവര്‍ണറെ സമീപിച്ചത്.
സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വതന്ത്ര എം.എല്‍.എയായ സപം നിഷികാന്ത് സിങ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്നും എം.എല്‍.എമാര്‍ ഗവര്‍ണറെ ബോധിപ്പിച്ചു.
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തിലാണ് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ശമനമില്ലാതെ തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നതോടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
അതേസമയം 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 37 എം.എല്‍.എമാരാണ് ഉള്ളത്. അഞ്ച് എം.എല്‍.എമാരുള്ള നാഗ പീപ്പിള്‍ ഫ്രണ്ടും ആറ് എം.എല്‍.എമാരുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ 60 അംഗ നിയമസഭയിലെ 10 കുക്കി എം.എല്‍.എമാരുടെയും അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും ഒഴികെയുള്ള എല്ലാ പ്രതിനിധികളുടെയും പിന്തുണ ആവശ്യപ്പെട്ടുകൊണ്ടാണ് എം.എല്‍.എമാരുടെ സംഘം ഗവര്‍ണറെ സമീപിച്ചത്.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ രാഷ്ട്രപതി ഭരണവും പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയുണ്ടായ കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തില്‍ 50ഓളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും സമാനമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Move to form government in Manipur; Group of 10 MLAs meets Governor