അഞ്ച് ലക്ഷം അഭയാര്‍ത്ഥികളുടെ താത്കാലിക നിയമ പരിരക്ഷയായ ‘പരോള്‍’ റദ്ദാക്കാന്‍ ട്രംപിന് സുപ്രീം കോടതി അനുമതി
വാഷിങ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരുടെ താത്കാലിക നിയമ പരിരക്ഷയായ പരോള്‍ പ്രോഗ്രാം റദ്ദാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് സുപ്രീം കോടതിയുടെ അനുമതി.
ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയമപരിരക്ഷയാണ് സുപ്രീം കോടതി ഉത്തരവിലൂടെ നഷ്ടമാവാന്‍ പോകുന്നത്. ഇതിന് പുറമെ മറ്റൊരു കേസില്‍ 35000ത്തോളം വരുന്ന വെനസ്വേലന്‍ കുടിയേറ്റക്കാരുടെ കുടിയേറ്റ പദവി എടുത്ത് കളയാനും സുപ്രീം കോടതി ട്രംപിന് അനുമതി നല്‍കിയിട്ടുണ്ട്.
കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുന്ന പ്രോഗ്രാം റദ്ദാക്കിയ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞിരുന്നു. ഇത് റദ്ദാക്കിയാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതിനായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിപുലീകരിച്ച പ്രോഗ്രാമാണ് പരോള്‍. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടയുന്നതിനായാണ് ബൈഡന്‍ ഈ പ്രോഗ്രാം ഉപയോഗിച്ചത്.
ഏകദേശം 532,000 കുടിയേറ്റക്കാര്‍ക്കാണ് പരോള്‍ വഴി അനുമതി നല്‍കിയത്. സുരക്ഷാ പരിശോധനകളില്‍ വിജയിക്കുകയും യു.എസില്‍ സ്‌പോണ്‍സര്‍ ഉള്ളതും വിമാനമാര്‍ഗം അമേരിക്കയില്‍ പ്രവേശിച്ച വെനസ്വേലക്കാര്‍ക്കുമാണ് ബൈഡന്‍ ആദ്യം രണ്ട് വര്‍ഷത്തെ പരോള്‍ അനുവദിച്ചത്. 2023ല്‍ ഇത് പിന്നീട് ക്യൂബ, ഹെയ്തി, നിക്കരാഗ്വ രാജ്യക്കാരിലും വ്യാപിപ്പിച്ചു.
എന്നാല്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായ ജനുവരി 20ന് തന്നെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് പരോള്‍ റദ്ദാക്കി.
എന്നാല്‍ ബൈഡന്റെ ഭരണ കാലഘട്ടത്തിലെ പ്രോഗ്രാം വഴി യു.എസില്‍ പ്രവേശിച്ച ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ സംരക്ഷണവും വര്‍ക്ക് പെര്‍മിറ്റുകളും ട്രംപ് ഭരണകൂടത്തിന് ഉടനടി റദ്ദാക്കാന്‍ കഴിയില്ലെന്ന് ബോസ്റ്റണിലെ ഫെഡറല്‍ ജഡ്ജി വിധിച്ചു. എന്നാല്‍ ഇതിനെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അടിയന്തര അപ്പീല്‍ നല്‍കുകയായിരുന്നു.
Content Highlight: US Supreme Court allows Trump to revoke parole programme for 500,000 migrants