World News
ഉപരോധങ്ങള്‍ക്കിടെ ഗസയ്ക്കായി കപ്പല്‍ കയറി ഗ്രെറ്റ തൻബെർഗും ലിയോ കണ്ണിങ്ഹാമും; മാതൃകയെന്ന് സോഷ്യല്‍ മീഡിയ
റോം: ഫലസ്തീനിലെ ഇസ്രഈല്‍ ഉപരോധം തകര്‍ക്കുന്നതിനായി കപ്പലുകളില്‍ സഹായഹസ്തങ്ങളുമായി കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ഗെയിം ഓഫ് ത്രോണ്‍സ് നടന്‍ ലിയാം കണ്ണിങ്ഹാം തുടങ്ങിയവരുടെ സംഘം. ഫ്രീഡം ഫ്‌ലോട്ടില്ലയുടെ പ്രവര്‍ത്തകരാണ് ഗസയിലെ ഉപരോധം ലക്ഷ്യമിട്ട് സഹായങ്ങളുമായി തിരിച്ചത്.
ഞായറാഴ്ച ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള കപ്പല്‍ പുറപ്പെട്ടു. ഏഴ് ദിവസം കൊണ്ട് കപ്പല്‍ ഗസയിലെത്തുമെന്നാണ് വിലയിരുത്തല്‍. 12 പേരാണ് കപ്പലിലെ സംഘത്തിലുള്ളത്. ഫ്രാങ്കോ-ഫലസ്തീന്‍ എം.ഇ.പി റിമ ഹസന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്.
6 français sont à bord de la #FreedomFlotilla ✌️ pic.twitter.com/T3Xzn4R5bJ
— Rima Hassan (@RimaHas) June 2, 2025
ഗസയിലെ ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആഗോള സഖ്യമാണ് ഫ്രീഡം ഫ്‌ലോട്ടില്ല. സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസിയയില്‍ നിന്നുള്ള സഹായകപ്പല്‍ ഗസയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിക്കല്‍ സപ്ലൈസ്, വാട്ടര്‍ ഡീസലൈനേഷന്‍ കിറ്റുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്. ഇത് വളരെ പരിമിതമായ സഹായം മാത്രമാണെന്ന് അറിയാമെന്ന് തന്‍ബെര്‍ഗ് പറഞ്ഞു.
എത്ര പ്രതിസന്ധി നേരിട്ടാലും പരിശ്രമിച്ച് കൊണ്ടിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്ന സമയം നമ്മളിലെ മനുഷ്യത്വം നഷ്ടപ്പെടുമെന്നും തന്‍ബെര്‍ഗ് പ്രതികരിച്ചു. കറ്റാനിയ തുറമുഖത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തന്‍ബെര്‍ഗ്.
‘ഞങ്ങളുടെ ദൗത്യം വളരെ അപകടം നിറഞ്ഞതാണ്. എന്നാല്‍ വംശഹത്യ ചെയ്യപ്പെടുന്ന ജീവിതങ്ങള്‍ക്ക് മുന്നില്‍ ലോകം മുഴുവന്‍ പുലര്‍ത്തുന്ന മൗനത്തോളം അപകടകരമല്ല ഇത്,’ തന്‍ബെര്‍ഗ് പറഞ്ഞു. മെയ് തുടക്കത്തില്‍ സമാനമായ ഒരു നീക്കം ഫ്രീഡം ഫ്‌ലോട്ടില്ല നടത്തിയിരുന്നു. എന്നാല്‍ മാള്‍ട്ടീസ് സമുദ്രാതിര്‍ത്തിക്ക് സമീപത്ത് വെച്ച് ദൗത്യം പരാജയപ്പെടുകയായിരുന്നു.
നിലവില്‍ തന്‍ബെര്‍ഗ് അടക്കമുള്ളവര്‍ക്കെതിരെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറിയ ജിഹാദ് എന്ന് ഉള്‍പ്പെടെ വിശേഷിപ്പിച്ചാണ് തന്‍ബെര്‍ഗിനെതിരെ ഇസ്രഈല്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകന്‍ ആഴ്‌സന്‍ ഓസ്‌ട്രോവ്‌സ്‌കി പ്രതികരിച്ചു.
സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. തെന്‍ബെര്‍ഗിനും സുഹൃത്തുക്കള്‍ക്കും നീന്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ടൈംസ് ഓഫ് ഇസ്രഈലിലെ ഒരു ലേഖനത്തില്‍ പറഞ്ഞത്.
എന്നാൽ നിരവധി ആളുകൾ സംഘത്തെ പ്രശംസിച്ചും പ്രതികരിക്കുന്നുണ്ട്. ലോകരാജ്യങ്ങളും സംഘടനകളും നിശബ്ദത പാലിക്കുമ്പോൾ സ്വീകരിച്ച ഈ തീരുമാനം ഒരു മാതൃകയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.
Content Highlight: Greta Thunberg joins activists sailing from Italy to Gaza to break Israeli siege