രാജ്യത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിക്കുന്നു: കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ രാജ്യത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറിയെന്ന് കോണ്‍ഗ്രസ്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് ആര്‍.എസ്.എസിന്റെ നുഴഞ്ഞ് കയറ്റമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
നുഴഞ്ഞ് കയറിയവര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
14 കോടി രൂപയുടെ അഴിമതിയാണുണ്ടായതെന്നും ഐ.സി.എച്ച്.ആറിന് വലിയ തുകയുടെ അഴിമതിയാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജന എന്ന ആര്‍.എസ്.എസ് സംഘടനയാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ട് തുറന്ന് കാട്ടുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഉന്നത സര്‍വകലാശാലകള്‍ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങള്‍, അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക് യോഗ്യതകളുള്ള ആര്‍.എസ്.എസ് അനുഭാവികളാല്‍ നശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു .
ഐ.സി.എച്ച്.ആര്‍ മാത്രമല്ല രാജ്യത്തെ അഭിമാനകരമായ മിക്ക സ്ഥാപനങ്ങളും സംശയാസ്പദമായ യോഗ്യതകളുള്ള ആര്‍.എസ്.എസ് അനുഭാവികളാല്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്നും അതില്‍ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും ജയറാം രമേശ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തലില്‍ തങ്ങളുടെ പങ്ക് അവകാശപ്പെടുന്ന ട്രംപിന് പ്രധാനമന്ത്രി ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്നും പാകിസ്ഥാനെ വിമര്‍ശിക്കുന്നതിനേക്കാള്‍ അദ്ദേഹം കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
Content Highlight: RSS is infiltrating and destroying professional institutions in the country: Congress