World News
ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികളെ വീണ്ടും കൊലപ്പെടുത്തി ഇസ്രഈൽ; ഒരാഴ്‌ചക്കുള്ളിൽ കൊലപ്പെടുത്തിയത് 100 പേരെ
ഗസ: ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികളെ വീണ്ടും കൊലപ്പെടുത്തി ഇസ്രഈൽ സൈന്യം. റാഫയിലെ യുഎസ് സഹായ വിതരണ കേന്ദ്രത്തിന് സമീപം ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ സൈന്യം ഷെൽ ആക്രമണവും വെടിവെപ്പും നടത്തിയതായി ഗസയിലെ അൽ-അഖ്‌സ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ 23 മൃതദേഹങ്ങൾ കണ്ടെടുത്തതായും 200 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിൽ യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ അപലപിച്ചു. ഇസ്രഈൽ മാനുഷിക സഹായങ്ങളെ ആയുധമാക്കുകയും ഫലസ്തീനികൾക്കെതിരായ വംശഹത്യ വ്യവസ്ഥയ്ക്കുള്ളിലെ ഒരു ഉപകരണമായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു.
ഭക്ഷണം വിതരണം ചെയ്ത സ്ഥലം തങ്ങളുടെ മേൽനോട്ടത്തിലായിരുന്നുവെന്നും ഒരു അമേരിക്കൻ കമ്പനിയുമായി സഹകരിച്ചായിരുന്നു സഹായ വിതരണം നടത്തിയതെന്നും യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഇതോടെ ഒരാഴ്‌ചക്കുള്ളിൽ ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം 100 ആയി.
ഭക്ഷണം വാങ്ങാനെത്തുന്ന സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇസ്രഈലിന്റെ ആക്രമണങ്ങൾ ആശങ്കകൾ വർധിപ്പിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗസയിൽ ഇസ്രഈൽ കുറഞ്ഞത് 38 പേരെ കൊലപ്പെടുത്തിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഇതോടെ 2023 ഒക്ടോബർ ഏഴ് മുതൽ തിങ്കളാഴ്‌ചവരെയുള്ള ഗസയിലെ മരണസംഖ്യ 54,4170 ആയി.
അതേസമയം ഗസയിൽ ഭക്ഷണം വാങ്ങാനെത്തിയ ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രഈലിന്റെ ആവർത്തിച്ചുള്ള ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭ അന്വേഷണം ആവശ്യപ്പെടുമ്പോഴും ഇസ്രഈൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.
സംഭവത്തിൽ യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഭക്ഷണത്തിനായി ഫലസ്തീനികൾ ജീവൻ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സംഭവങ്ങളെക്കുറിച്ച് ഉടനടി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ഉത്തരവാദിത്തത്തോടെ പിടികൂടണമെന്നും ഞാൻ ആവശ്യപ്പെടുന്നു,’ ഗുട്ടെറസ് പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം, മാനുഷിക സഹായം നൽകുന്നത് സുഗമമാക്കാനും അവിടെ സംഘർഷമോ ആക്രമണമോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാനും ഇസ്രഈലിന് വ്യക്തമായ ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാനുഷിക തത്വങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് സുരക്ഷിതമായി പ്രവർത്തിക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗസയിൽ ഉടനടി സ്ഥിരവും സുസ്ഥിരവുമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
Content Highlight: Israeli forces kill at least 23 Palestinians waiting for aid in Gaza