World News
നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട്; നാല് ഐ.സി.സി ജഡ്ജിമാര്‍ക്കെതിരെ ഉപരോധവുമായി യു.എസ്
വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ നാല് ജഡ്ജിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്. അമേരിക്കയെയും ഇസ്രഈലിനെയും ലക്ഷ്യമിട്ട് നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ഉപരോധം.
ഉഗാണ്ടയിലെ സോളോമി ബലുങ്കി ബോസ, പെറുവിലെ ലൂസ് ഡെല്‍ കാര്‍മെന്‍ ഇബാനെസ് കരാന്‍സ, ബെനിനിലെ റെയ്ന്‍ അഡലെയ്ഡ് സോഫി അലാപിനി ഗാന്‍സോ, സ്ലൊവേനിയയിലെ ബെറ്റി ഹോഹ്ലര്‍ എന്നിവര്‍ക്കെതിരെയാണ് യു.എസിന്റെ നീക്കം.
ഉപരോധം നേരിടുന്നവരില്‍ രണ്ട് ജഡ്ജിമാര്‍ ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരാണ്.
മറ്റ് രണ്ട് ജഡ്ജിമാര്‍ അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടവരുമാണ്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഉപരോധം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
The @IntlCrimCourt’s baseless and politicized targeting of America and our close ally Israel must end. Today, I have sanctioned four ICC judges for infringing on U.S. and Israeli sovereignty – two who authorized the ICC’s baseless investigation into U.S. personnel in Afghanistan…
— Secretary Marco Rubio (@SecRubio) June 5, 2025
‘അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രഈലിനെയും അടിസ്ഥാനരഹിതവും രാഷ്ട്രീയവത്ക്കരിക്കപ്പെട്ടതുമായ രീതിയില്‍ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കണം. ഇന്ന് യു.എസിന്റെയും ഇസ്രഈലിന്റെയും പരമാധികാരം ലംഘിച്ചതിന് നാല് ഐ.സി.സി ജഡ്ജിമാരെ ഞാന്‍ ഉപരോധിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ യു.എസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ഐ.സി.സിയുടെ അടിസ്ഥാനരഹിതമായ അന്വേഷണത്തിന് അംഗീകാരം നല്‍കിയ രണ്ട് പേരും ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും ലക്ഷ്യമിട്ടുള്ള ഐ.സി.സിയുടെ നിയമവിരുദ്ധമായ അറസ്റ്റ് വാറണ്ടിന് അംഗീകാരം നല്‍കിയ രണ്ട് പേരുമാണ് ഉപരോധം നേരിടുന്നത്. ഞങ്ങളുടെ തീരുമാനത്തോടൊപ്പം ഞങ്ങളുടെ സഖ്യകക്ഷികളും നിലകൊള്ളണം,’ മാര്‍ക്കോ റൂബിയോയുടെ പ്രസ്താവന.
നേരത്തെ നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഐ.സി.സിയെ ഉപരോധിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. പിന്നാലെ ഐ.സി.സിക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു.
നിലവില്‍ യു.എസ് നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയതില്‍ ട്രംപ് സര്‍ക്കാരിനോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി അറിയിക്കുകയും ചെയ്തു.
‘ഐ.സി.സിയിലെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ജഡ്ജിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് പ്രസിഡന്റ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി റൂബിയോക്കും നന്ദി. ക്രൂരമായ ഭീകരതക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രഈലിന്റെയും അമേരിക്കയുടെയുമെല്ലാം ജനാധിപത്യ അവകാശത്തിനായി യു.എസ് ന്യായമായി നിലകൊണ്ടു,’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: The Arrest warrant against Netanyahu; US imposes sanctions on four ICC judges