യൂടേണ്‍ അടിച്ച് രാജ്ഭവന്‍; ഇന്ന് നടക്കുന്ന പരിപാടിയിലും ഭാരതാംബയുടെ ചിത്രം
തിരുവനന്തപുരം: ഇന്ന് നടക്കുന്ന പരിപാടിയിലും ഭാരതാംബ ചിത്രം ഉണ്ടാകുമെന്ന് രാജ്ഭവന്‍. പരിപാടികളില്‍ നിന്നും ഭാരതാംബ ചിത്രം ഒഴിവാക്കുമെന്ന് അറിയിപ്പിന് വിരുദ്ധമാണ് ഇന്നത്തെ നിലപാടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ രാജ്ഭവനില്‍ നടക്കുന്ന ഡോ. വി. അനന്ദ നാഗേശ്വരന്റെ പ്രഭാഷണ പരിപാടിയില്‍ ഗവര്‍ണറുടെ ചിത്രം വെക്കുമെന്നാണ് വിവരം.
ഇനി എല്ലാ പ്രഭാഷണ പരിപാടികളിലും രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്നുമാണ് രാജ്ഭവന്റെ നിലപാട്.
ഗോള്‍വാള്‍ക്കറിന്റെ ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും രാജ്ഭവന്‍ നിലപാട് അറിയിച്ചു. ഗോള്‍വാള്‍ക്കറിന്റെ ചിത്രം വെച്ചത് ഓഫീസ് മുറിയിലല്ലെന്നും ഗവര്‍ണറുടെ സ്വകാര്യ മുറിക്ക് സമീപമാണെന്നുമാണ് അറിയിപ്പ്.
അവിടെ ഗുരുജിയുടെയും ഹെഡ്‌ഗേവാറിന്റെയും രാഷ്ട്രപതിയുടെയും ശ്രീനാരാണയഗുരുവിന്റെയും സ്വാമി വിവേകാനന്ദന്റെയും പടമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞതായാണ് വിവരം.
അതേസമയം ഇന്നലെയാണ് രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ ഭാരതാംബ ചിത്രം വെക്കില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും രാജ്ഭവന്‍ അറിയിച്ചത്. ഔദ്യോഗിക പരിപാടികളില്‍ നിലവിളക്കും ഭാരതാംബയുടെ ചിത്രവും വേണമെന്ന കാര്യത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരുമായി തര്‍ക്കം വേണ്ടെന്ന നിലപാടില്‍ രാജ്ഭവന്‍ എത്തിയെന്നായിരുന്നു ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക പരിപാടികളില്‍ കാവി പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും ഉണ്ടാവില്ലെന്നും എന്നാല്‍ അനൗദ്യോഗിക പരിപാടികളില്‍ ചിത്രവും വിളക്കും ഉള്‍പ്പെടുത്തുമെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ നിന്നും നടത്തുന്നത് സംബന്ധിച്ചായിരുന്നു വിവാദം ഉടലെടുത്തത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്. ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ കാവി പുതച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു.
Content Highlight: Raj Bhavan makes a U-turn; Bharatamba’s image will also be featured in the program being held today