വെജ് ബിരിയാണി,വെജ് ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്… സംസ്ഥാനത്തെ സ്‌കൂള്‍ മെനു പരിഷ്‌ക്കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌ക്കരിച്ചു. ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസോ വെജ് ബിരിയാണിയോ ലെമണ്‍ റൈസോ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌ക്കരിച്ചത്.
ഇവയ്‌ക്കൊപ്പം എന്തെങ്കിലും വെജിറ്റബിള്‍ കറികള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പച്ചമാങ്ങ, പുതിന, നെല്ലിക്ക, ഇഞ്ചി ഇവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവ വെജ് ഫ്രൈഡ് റൈസിന്റേയും വെജ് ബിരിയാണിയുടേയും കൂടെ നല്‍കാം.
സ്‌കൂളിലെ മെനു പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഒരു വിദഗ്ദ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് മെനു പരിഷ്‌ക്കരിച്ചത്. ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി വച്ച് വിവിധയിനം വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നിവ നല്‍കണമെന്നതാണ് പ്രധാന നിര്‍ദേശം.
ദിവസേനയുള്ള കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ക്ക് പകരം മറ്റ് പച്ചകറികള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇലക്കറികളാണെങ്കില്‍ അവയുടെ കൂടെ പയറോ മറ്റ് പരിപ്പ് വര്‍ഗങ്ങളോ ചേര്‍ക്കണം. പച്ചക്കറികള്‍ക്ക് ബദലായി മൈക്രോ ഗ്രീന്‍സും മെനുവില്‍ ഉള്‍പ്പെടുത്താം.
ശര്‍ക്കരയുള്‍പ്പെടെ ചേര്‍ത്ത് തയ്യാറാക്കുന്ന റാഗി ബോള്‍സും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന റാഗി കൊഴുക്കട്ട, പാല്‍ ചേര്‍ത്ത കാരറ്റ് പായസം റാഗി അടക്കമുള്ള ചെറുധാന്യങ്ങള്‍ ഉപയോഗിച്ച പായസങ്ങള്‍ എന്നിവയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ദിവസം- ചോറ്, കാബേജ് തോരന്‍, സാമ്പാര്‍
രണ്ടാം ദിവസം -ചോറ്, പരിപ്പ് കറി, ചീരത്തോരന്‍
മൂന്നാം ദിവസം ചോറ്, കടല മസാല, കോവയ്ക്ക തോരന്‍
നാലാം ദിവസം ചോറ്, ഓലന്‍, ഏത്തയ്ക്ക തോരന്‍
അഞ്ചാം ദിവസം-ചോറ്, സോയ കറി, കാരറ്റ് തോരന്‍
ആറാം ദിവസം- ചോറ്, വെജിറ്റബിള്‍ കുറുമ, ബീറ്റ്‌റൂട്ട് തോരന്‍
ഏഴാം ദിവസം- ചോറ്, തീയല്‍, ചെറുപയര്‍ തോരന്‍
എട്ടാം ദിവസം- ചോറ്, എരിശ്ശേരി, മുതിര തോരന്‍
ഒമ്പതാം ദിവസം- ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരന്‍
പത്താം ദിവസം- ചോറ്, സാമ്പാര്‍, മുട്ട അവിയല്‍
11-ാം ദിവസം- ചോറ്, പൈനാപ്പിള്‍ പുളിശ്ശേരി, കൂട്ടുക്കൂറി
12-ദിവസം- ചോറ്, പനീര്‍ കറി, ബീന്‍സ് തോരന്‍
13-ാം ദിവസം-ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരന്‍
14-ാം ദിവസം-ചോറ്, വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍
15-ാം ദിവസം-ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
16-ാം ദിവസം-ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിള്‍ കുറുമ
17-ാം ദിവസം-ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി
18-ാം ദിവസം-ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
19-ാം ദിവസം-ചോറ്, പരിപ്പ് കുറുമ, അവിയല്‍
20-ാം ദിവസം-ചോറ് / ലെമണ്‍ റൈസ്, കടല മസാല
Content Highlight: Mid day meal menu in schools updated