Kerala News
ഇറാന്റെ പക്കല്‍ ആണാവായുധമില്ലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം; പിന്നെങ്ങനെ ആണവായുധമുള്ള ഇസ്രഈലിന്റെ ആക്രമണം സ്വയം പ്രതിരോധമാകും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
കോഴിക്കോട്: ആണാവായുധങ്ങള്‍ ഇല്ല എന്ന് യു.എസ് രഹസ്യാന്വേഷണവിഭാഗം തന്നെ വിലയിരുത്തിയ ഇറാനെ എങ്ങനെയാണ് 90 ഓളം ആണവായുധങ്ങള്‍ കൈവശംവെച്ചിരിക്കുന്ന ഇസ്രഈലിന് സ്വയം പ്രതിരോധത്തിന്റെ പേരില്‍ ആക്രമിക്കാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ് കോണ്‍ഗ്രസില്‍വെച്ച് ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
വിക്കിലീക്‌സ് അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ ഇത് രണ്ട് ദിവസം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. 2003ല്‍ സസ്പെന്‍ഡ് ചെയ്ത അണുവായുധ പരിപാടി പുനരാരംഭിക്കാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേനി അനുവാദം കൊടുത്തിട്ടില്ല എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തന്നെ വിലയിരുത്തിയതാണ്. അപ്പോള്‍ എങ്ങനെയാണ് ഇസ്രഈലിന്റെ ആക്രമണം സ്വയം പ്രതിരോധമാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുനന്ത്.
സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ കണക്കുകള്‍ പങ്കുവെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ. ജേക്കബാണ് ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഇന്നലെ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒമ്പത് രാജ്യങ്ങളുടെ കൈയിലായി 12,241 ആണവായുധങ്ങളുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ റഷ്യയുടെ കൈയിലാണ്- 5,459. തൊട്ടുപിറകെ അമേരിക്കയാണ്- 5,177. ഇന്ത്യയുടെ കൈയില്‍ 180, പാകിസ്താന് 170. ഇസ്രഈലിന്റെ കൈയിലാകട്ടെ 90 എണ്ണവുമുണ്ടെന്നാണ് കണക്ക്.
‘അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സിന്റെ ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസിനോട് പറഞ്ഞ കാര്യം രണ്ട് ദിവസം മുമ്പ് വിക്കിലീക്‌സ് പുറത്തുവിട്ടത് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ല എന്നും 2003ല്‍ താന്‍ സസ്പെന്‍ഡ് ചെയ്ത അണുവായുധ പരിപാടി പുനരാരംഭിക്കാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേനി അനുവാദം കൊടുത്തിട്ടില്ല എന്നുമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍,’ കെ.ജെ. ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇസ്രഈലിനു സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ഇന്ന് ജി7 രാഷ്ട്രത്തലവന്മാര്‍ പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ ആണവായുധമില്ലാത്ത, ആണവായുധ പരിപാടി ഇല്ല എന്ന് യു. എസ് രഹസ്യാന്വേഷണ വിഭാഗം കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് ചെയ്ത ഒരു രാജ്യത്തെ ഇപ്പോള്‍ 90 ആണവായുധങ്ങളുള്ള മറ്റൊരു രാജ്യം ‘സ്വയം പ്രതിരോധ’ത്തിനുവേണ്ടി ആക്രമിക്കുന്നത് എങ്ങനെയാണ് ശരിയാവുകയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. യു.എസുമായി ആണവ ഉടമ്പടിയുടെ വക്കത്തെത്തിയപ്പോഴാണ് ഇസ്രഈലിന്റെ ആക്രമണമുണ്ടായതെന്നും കെ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: Reoprt says that Israel has 90 nuclear weapons, then how could they attack iran (zero weapons) in the name of self defence