13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

ആര്‍.എസ്.എസിനോട് ഐക്യപ്പെടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല; അടിയന്തിരാവസ്ഥ കാലത്ത് ആരുടെയും തണലിലല്ല പ്രവര്‍ത്തിച്ചത്- മുഖ്യമന്ത്രി

Date:



Kerala News


ആര്‍.എസ്.എസിനോട് ഐക്യപ്പെടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല; അടിയന്തിരാവസ്ഥ കാലത്ത് ആരുടെയും തണലിലല്ല പ്രവര്‍ത്തിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് സയണിസ്റ്റ് ഭീകരത ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ലോകം ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ടസഭയുടെ നേതൃത്വത്തില്‍ ഇസ്രഈലിന്റെ ആക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനത്തിനും നീതിക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രഈലിനെതിരെ ശക്തമായ പ്രതിഷേധ ശബ്ദമുയര്‍ത്താനും ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ദല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെത്തുന്ന കേരളീയര്‍ക്ക് കേരള ഹൗസില്‍ താമസിക്കാനും അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറാനിലെയും ഇസ്രഈലിലെയും സ്ഥിതിഗതികള്‍ മോശമായി തുടരുന്ന പശ്ചാത്തലത്തില്‍, നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 1800 4253 9399

രാജ്ഭവനിലെ ഭാരതാംബ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഗവര്‍ണറെ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായി ഓരോരുത്തര്‍ക്കും പല ആശയങ്ങളും പല വിശ്വാസങ്ങളും അതിന്റെ ഭാഗമായുള്ള നടപടികളും ഉണ്ടായേക്കാം. പക്ഷെ സര്‍ക്കാര്‍ പരിപാടി എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ബിംബങ്ങള്‍ മാത്രമേ ആ പരിപാടിയില്‍ ഉണ്ടാകൂ. അതില്‍ നിന്ന് വ്യത്യസ്തമായ നില വന്നതുകൊണ്ടാണ് പരിപാടിയോട് യോജിപ്പില്ല എന്ന് കൃഷിമന്ത്രി രാജ്ഭവനെ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണര്‍ക്ക് പിന്നീട് മനസിലായെന്നാണ് കരുതുന്നതെന്നും രാജ്ഭവനെ ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് മാറ്റരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്ഭവന്‍ എന്ന് പറയുന്നത് രാജ്യത്തെ പ്രധാനപ്പെട്ട ഒരു ഭരണ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ നടപടികളും രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉള്ളതാകണം. അതായത് ഭരണഘടനാപരമായിരിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്ഭവനെ ആര്‍.എസ്.എസിന്റെ അജണ്ട പ്രചരിപ്പിക്കാനുള്ള കേന്ദ്രമാക്കരുത്. അത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അംഗീകരിക്കാന്‍ കഴിയാത്ത നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസിനോട് ഐക്യപ്പെടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് ആരുടെയും തണലിലല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആര്‍.എസ്.എസ് പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആര്‍.എസ്.എസ് ഇന്ത്യന്‍ പതാകയേയും ഭരണഘടനയെയും അംഗീകരിക്കാത്തവര്‍. ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍. ആ ആര്‍.എസ്.എസിനോട് തങ്ങള്‍ക്കാണോ കോണ്‍ഗ്രസിനാണോ ബന്ധമുണ്ടായിരുന്നത്? ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കലായിരുന്നു തങ്ങളുടെ പണിയെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ പഴയ കെ.പി.സി.സി പ്രസിഡന്റ് അല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഏറ്റവും വിശ്വാസമുള്ള മിത്രം എന്ന നിലയിലല്ലേ ആര്‍.എസ്.എസുകാര്‍ കോണ്‍ഗ്രസിനെ സുരക്ഷയൊരുക്കാന്‍ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തെങ്കിലും വിവാദമുണ്ടാക്കി ആര്‍.എസ്.എസുമായി സി.പി.ഐ.എമ്മിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അങ്ങനെയൊന്നും നടപ്പിലാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ആര്‍.എസ്.എസുമായി ഒരു യോജിപ്പും സി.പി.ഐ.എമ്മിന് ഇല്ല. ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഗീയ ശക്തിയോടും കമ്മ്യൂണിസ്റ്റുകാര്‍ ഐക്യപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പണ്ടും ഇപ്പോഴും ഇനിയങ്ങോട്ടും ഇതേ നിലപാടായിരിക്കും തുടരുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ കുടുബം ലഹരി മുക്ത കുടുംബം’ ക്യാമ്പയിന് തുടക്കം കുറിക്കുകയാണെന്നും സ്‌കൂളുകളില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഹരിയുടെ ദൂഷ്യവശങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി പ്രത്യേകം പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ സ്‌കൂളുകളില്‍ സജീവമാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 451 ആളുകളാണ് കഴിയുന്നത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 100 വീടുകള്‍ പൂര്‍ണമായും 3772 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Communists did not go to unite with RSS; did not work under anyone’s shadow during Emergency: Chief Minister




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related