Kerala News
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസ്; സദാചാര ഗുണ്ടായിസം നടന്നിട്ടുണ്ടെന്ന് യുവതിയുടെ സുഹൃത്ത്
കണ്ണൂര്‍: കണ്ണൂര്‍ കായലോട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യുവതിയുടെ സുഹൃത്ത്. സദാചാര ഭീഷണി നേരിട്ടിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഒരു സംഘം മര്‍ദിച്ചെന്നും യുവാവ് പൊലീസില്‍ മൊഴി നല്‍കി.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരടങ്ങിയ സംഘത്തിന് നേരെ പൊലീസ് കേസെടുത്തതായാണ് വിവരം. മര്‍ദിച്ചതിനും ഫോണ്‍ തട്ടിയെടുത്തതിനുമാണ് കേസെടുത്തത്.
തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. അന്നത്തെ ദിവസം സദാചാര ഗുണ്ടായിസം തന്നെ നടന്നിട്ടുണ്ടെന്നും നിരവധി ആളുകള്‍ ചേര്‍ന്ന് തന്നെ വാഹനത്തില്‍ തടഞ്ഞ് നിര്‍ത്തിയെന്നും യുവാവ് മൊഴി നല്‍കി.
നിരവധി ആളുകള്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയും ചോദ്യം ചെയ്യുകയും മണിക്കൂറുകളോളം മര്‍ദിച്ചുവെന്നും പറഞ്ഞ യുവാവ് അതിന് ശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി അസഭ്യം പറയുകയും വിചാരണ നടത്തുകയും ചെയ്തതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
യുവതിയുമായി സാമ്പത്തികമായി ഒരിടപാടും ഉണ്ടായിട്ടില്ലെന്നും യുവതിയുടെ കേക്ക് ബിസിനസുമായ സഹായങ്ങള്‍ക്ക് എത്താറുണ്ടെന്നും യുവാവ് പറഞ്ഞു. യുവതിയുടെ മാതാവിന്റെ ആരോപണങ്ങള്‍ തള്ളുന്ന രീതിയിലാണ് യുവാവിന്റെ മൊഴി.
സദാചാര പൊലീസിങ് തന്നെയാണ് മകളുടെ മരണകാരണമെന്ന് കണ്ണൂരില്‍ ആത്മഹത്യ ചെയ്ത റെസീനയുടെ പിതാവ് പ്രതികരിച്ചിരുന്നു. തന്നെ റോഡില്‍ വെച്ച് അപമാനിച്ചെന്നും തന്നെയും ആണ്‍ സുഹൃത്തിനെയും ചോദ്യം ചെയ്‌തെന്നെന്നും മകള്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
എന്നാല്‍ റസീനയുടെ മാതാവ് പറഞ്ഞത് യുവതിയുടെ ആണ്‍സുഹൃത്താണ് ആത്മഹത്യക്ക് കാരണമെന്നും യുവതിയുടെ പണവും സ്വര്‍ണവുമടക്കം സുഹൃത്ത് തട്ടിയെടുത്തിരുന്നുവെന്നുമായിരുന്നു. എസ്.ഡി.പി.ഐയുടെ ഓഫീസില്‍ വെച്ച് സദാചാര പൊലീസിങ് അല്ല നടന്നതെന്നും മറിച്ച് ചര്‍ച്ചയാണ് ഉണ്ടായതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. എസ്.ഡി.പി.ഐ നേതാക്കളും ഇത് തന്നെയാണ് പറയുന്നത്.
അതേസമയം എസ്.ഡി.പി.ഐ ഓഫീസിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ബന്ധുക്കളോടൊപ്പം ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരിവെക്കുന്നതാണ് പുറത്ത് വന്നിട്ടുള്ള ദൃശ്യങ്ങള്‍. പിന്നാലെ പൊലീസും ആത്മഹത്യ കുറിപ്പിനെ ഉദ്ധരിച്ച് സദാചാര വിചാരണ നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
Content Highlight: SDPI activists accused in case; Woman’s friend says moral hooliganism took place