Kerala News
ഇസ്രഈലിനെ എതിര്‍ക്കുന്നവര്‍ തെമ്മാടികളെന്ന് ബി.ജെ.പി പ്രതിനിധി; വാജ്‌പേയിയുടെ വീഡിയോ ഇട്ട് ഹാഷ്മിയുടെ മറുപടി; ഇറങ്ങിപ്പോക്ക്
കൊച്ചി: ഇസ്രഈല്‍ പശ്ചിമേഷ്യ വിട്ട് പോകണമെന്നമെന്ന് പറയുന്നവര്‍ തെമ്മാടികളാണെന്ന് പറഞ്ഞ ബി.ജെ.പി വക്താവ് ഷാബു പ്രസാദ് വാദം പൊളിഞ്ഞതോടെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
24 ന്യൂസീന്റെ ചാനല്‍ ചര്‍ച്ചയില്‍ അവതാരകനായ ഹാഷ്മിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ നിന്നാണ് ബി.ജെ.പി നേതാവ് ക്ഷുഭിതനായി ഇറങ്ങിപ്പോയത്.
ചര്‍ച്ചയിലുടനീളം ഇസ്രഈല്‍ പശ്ചിമേഷ്യ വിട്ട് പോകണമെന്ന് പറയുന്ന അറബ് രാജ്യങ്ങള്‍ തെമ്മാടികള്‍ ആണെന്നാണ് ഷാബു പറഞ്ഞിരുന്നത്. ഇസ്രഈലിനും ജൂതരാഷ്ട്രത്തിനും അവിടെ ജീവിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അവര്‍ അവിടെ വേണ്ട എന്ന് പറയുന്നവരെ തെമ്മാടി എന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ലെന്നും സൈബറിടങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഷാബു പറയുന്നുണ്ട്.
എന്നാല്‍ ഹാഷ്മി, മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി ഇസ്രഈല്‍ അധിനിവേശക്കാരാണെന്നും അവര്‍ പശ്ചിമേഷ്യ വിട്ട് പോകണമെന്നും പ്രസംഗിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചതോടെ ഷാബു ഉത്തരം മുട്ടി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
ഇസ്രഈലികള്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ അവകാശമില്ല എന്ന് പറയുന്നവരെ വിളിക്കേണ്ട മിനിമം പേരാണ് തെമ്മാടികളെന്നും 1948ല്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ കരാര്‍ പ്രകാരമാണ് ഇസ്രഈലും ഫലസ്തീനും ഉണ്ടായതെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് അധിനിവേശം നടത്തിയ ഇസ്രഈല്‍ അവിടെ നിന്ന് ഇറങ്ങി പോകണം എന്ന് പറയുന്നവര്‍ തെമ്മാടികളാണെന്നാണോ അങ്ങ് പറയുന്നതെന്ന് ഹാഷ്മി ഷാബു പ്രസാദിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ നിയമപരമായ നൂറ് കണക്കിന് രാജ്യങ്ങളെപ്പോലെ അംഗീകരിക്കപ്പെട്ട രാജ്യമാണ് ഇസ്രഈലെന്നും അവര്‍ അവിടെ വേണ്ട എന്ന് പറയുന്നവര്‍ തെമ്മാടികള്‍ ആണെന്നും ഷാബു ആവര്‍ത്തിച്ചു.
ഇതിനെത്തുടര്‍ന്നാണ് പ്രസാര്‍ ഭാരതിയുടെ പക്കലുള്ള എ.ബി. വാജ്‌പേയിയുടെ വീഡിയോ അവതാരകന്‍ പ്ലേ ചെയ്തത്. ഈ വീഡിയോയില്‍ അറബ് ദേശത്തില്‍ അധിനിവേശം നടത്തിയ ഇസ്രഈല്‍ അവിടെ നിന്ന് പോകണമെന്ന് വാജ്‌പേയി പറയുന്നുണ്ട്.
അധിനിവേശശക്തി അധിനിവേശത്തിന്റെ ഫലം അനുഭവിക്കുമെന്നും അതിനാല്‍ അധിനിവേശത്തിലൂടെ മേഖലയിലേക്ക് കയറിയ ഇസ്രഈല്‍ അവിടം വിട്ട് പോകണമെന്നും ഫലസ്തീന് പൂര്‍ണ രാഷ്ട്രീയ അധികാരം നല്‍കലാണ് മേഖലയുടെ ആവശ്യമെന്നുമാണ് വീഡിയോയില്‍ വാജ്‌പേയി പറഞ്ഞിരുന്നത്.
തുടര്‍ന്നാണ് ഹാഷ്മി കാര്യങ്ങള്‍ വളച്ച് ഒടിക്കുകയാണെന്ന് ആരോപിച്ച് ഷാബു പ്രസാദ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത്.
Content Highlight: BJP spokesperson walks out of channel discussion after showing Vajpayee’s video saying Israel should leave the West Asia