സംസ്ഥാനത്തെ മുഴുവന്‍ കോടതി മുറികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം: കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: സംസ്ഥാനത്തെ ഹൈക്കോടതിയിലും ജില്ലാ കോടതിയിലുമടക്കം മുഴുവന്‍ കോടതികളിലും ഭരണഘടന ശില്‍പ്പി അംബേദ്ക്കറുടെ ഛായചിത്രം സ്ഥാപിക്കാന്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം.
കര്‍ണാടക സര്‍ക്കാരിന്റെ കത്തും പൊതുജനങ്ങളുടേയും സംഘടനകളുടേയും അഭിഭാഷരുടേയും നിവേദനങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരമൊരു തീരുമാനമെടുത്തത്. പുതിയ നിര്‍ദേശപ്രകാരം കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാഡിലേയും കലബുര്‍ഗിയിലേയും ബെഞ്ചുകളിലെ എല്ലാ കോടതി ഹാളുകളിലും എല്ലാ ജില്ലാ കോടതികളിലും അംബേദ്ക്കറുടെ ചിത്രം സ്ഥാപിക്കും.
ഏപ്രില്‍ 26ന് ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് ഇത് സംബന്ധിച്ച് ഒരു പ്രമേയം പാസാക്കിയിരുന്നു. ജൂണ്‍ 19 ന് ഇതുസംബന്ധിച്ച രണ്ട് സര്‍ക്കുലറുകളും പുറപ്പെടുവിച്ചിരുന്നു.
അംബേദ്കറുടെ ഫോട്ടോ/ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി അഡീഷണല്‍ രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഹാളുകളില്‍ ഒരു പ്രധാന സ്ഥലത്ത് ഫോട്ടാ സ്ഥാപിക്കാനാണ് നിര്‍ദേശം.
Content Highlight: Ambedkar’s portrait should be installed in all courtrooms in the state: Karnataka High Court