ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പങ്കാളിയായാല്‍ ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കും; യു.എസിന് ഹൂത്തികളുടെ മുന്നറിയിപ്പ്
സനാ: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൂട്ടുനിന്നാല്‍ ചെങ്കടലിലൂടെ കടന്ന് പോകുന്ന യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്.
‘ഇസ്രഈലിനൊപ്പം ഇറാനെതിരെ ആക്രമണത്തില്‍ യു.എസ് പങ്കെടുത്താല്‍, സായുധ സേന (ഹൂത്തി) ചെങ്കടലില്‍ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും,’ ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യഹ്യ സാരി മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഒന്നരവര്‍ഷത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിന് പിന്നാലെ മെയ് മാസത്തില്‍ യു.എസും ഹൂത്തികളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനെതിരെ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതോടെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ യു.എസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഗസയ്‌ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തെത്തുടര്‍ന്നാണ് ചെങ്കടലില്‍ ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ഹൂത്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ മുതല്‍ ഇസ്രഈല്‍ ബന്ധമുള്ള 100ലധികം കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ അവസാനിച്ച് ഗസയില്‍ ഇസ്രഈല്‍ ആക്രമണം പുനരാരംഭിച്ചതിലും ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞതിലും പ്രതിഷേധിച്ച് ഒരു ഇടവേളയ്ക്ക് ശേഷം ചെങ്കടലില്‍ ഇസ്രഈലി കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം പുനരാരംഭിച്ചിരുന്നു.
എന്നാല്‍ ഈ സമയത്ത് യെമനിലെ ഹൂത്തി വിമതര്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും ഇറാനെ ഉത്തരവാദിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഹൂത്തികള്‍ നടത്തുന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ ഇറാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും അവരെ ഇറാനാണ് സൃഷ്ടിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവിഭാഗവും വെടിനിര്‍ത്തലിനെ അനുകൂലിച്ചത്.
Content Highlight: Houthis warn US of attacks on Red Sea ships if it joins Israel in Iran attack