World News
അല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ക്ക് ഇസ്രഈലിന്റെ വിലക്ക്; ആയിരത്തോളം ഫലസ്തീനികളെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചില്ല
ജെറുസലേം: അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് 1000ത്തോളും ഫലസ്തീനികളെ ഇസ്രഈല്‍ വിലക്കിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയുടെ ഭാഗമായി പള്ളിയിലെത്തിയവരെയാണ് ഇസ്രഈല്‍ സൈന്യം തടഞ്ഞത്.
ഇസ്രഈലിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും, പതിനായിരക്കണക്കിന് ഫലസ്തീനികള്‍ സാധാരണയായി എല്ലാ ആഴ്ചയും അല്‍-അഖ്സയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ജൂലൈ 13 മുതല്‍, പള്ളി പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഇസ്രഈലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ ഉള്ളതിനാല്‍ പൊതു സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പള്ളി അടച്ച് പൂട്ടിയതെന്നാണ് ഇസ്രഈല്‍ ന്യായീകരണമായി പറഞ്ഞത്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ അടച്ചുപൂട്ടലാണിത്.
എന്നാല്‍ സംഘര്‍ഷത്തിന്റെ മറവില്‍ അല്‍-അഖ്‌സയില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രഈലിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വിലക്കെന്നും ഫലസ്തീനികള്‍ക്ക് ആശങ്കയുണ്ട്. ഈ ആഴ്ച ആദ്യം, ഇസ്രഈല്‍ അധികൃതര്‍ രണ്ട് ഗേറ്റുകള്‍ തുറന്നതായും പള്ളി ഭാഗികമായി വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ നിയന്ത്രണം കാരണം പള്ളിയില്‍ ജീവനക്കാര്‍ പോലും കുറവാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മുസ്‌ലിം സമുദായത്തിന്റെ മൂന്നാമത്തെ പുണ്യഭൂമിയായി അറിയപ്പെടുന്ന ആരാധനാലയമാണ് അല്‍ അഖ്‌സ. 2003 മുതല്‍ അല്‍ അഖ്സയിലേക്കുള്ള ഇസ്രഈലി കടന്നുകയറ്റം 18,000 ശതമാനത്തിലധികം വര്‍ധിച്ചതായി വഖഫ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്രഈലി കുടിയേറ്റക്കാരെ പ്രവേശിക്കാന്‍ ഇസ്രഈല്‍ അധികാരികള്‍ അനുമതി നല്‍കിയതോടെയാണ് അല്‍-അഖ്സയുടെ കോമ്പൗണ്ടില്‍ ഇസ്രഈലി കുടിയേറ്റക്കാരുടെ കടന്നുകയറ്റം വര്‍ധിച്ചത്.
വഖഫ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, 2003ല്‍ അല്‍ അഖ്‌സയിലെ മുഘ്റാബി ഗേറ്റ് വഴി 289 ജൂത കുടിയേറ്റക്കാരാണ് അല്‍-അഖ്സയില്‍ പ്രവേശിച്ചത്. അതിനുശേഷം, വര്‍ഷം തോറും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. 2020ല്‍ കൊവിഡിന്റെ സമയത്ത് മാത്രമാണ് ഇത് അല്‍പമെങ്കിലും കുറഞ്ഞത്. ആ വര്‍ഷം അത് 18,562 ആയിരുന്നു.
പുതിയ കണക്കുകള്‍ പ്രകാരം, 2024ല്‍ 53,488 ഇസ്രഈലി കുടിയേറ്റക്കാര്‍ അല്‍ അഖ്സയില്‍ പ്രവേശിച്ചത്. 2003നെ അപേക്ഷിച്ച് 18,507 ശതമാനം കൂടുതലാണിത്.
ഇസ്രഈല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം അല്‍ അഖ്‌സയിലെത്തിയ വിദേശപ്രതിനിധി സംഘവും അല്‍ അഖ്‌സയിലെ ഇസ്രഈലി കുടിയേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Content Highlight: Israel stops thousands of Palestinians from entering Al-Aqsa for friday prayer