national news
മോദിക്ക് വീണ്ടും ശശി തരൂരിന്റെ പ്രശംസ; പ്രധാനമന്ത്രി ആഗോളവേദിയിലെ രാജ്യത്തിന്റെ സ്വത്തെന്ന് തരൂര്‍
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആഗോളവേദിയിലെ ഇന്ത്യയുടെ ഊര്‍ജവും സ്വത്തുമാണ് മോദിയെന്നാണ് തരൂര്‍ ഇത്തവണ പറഞ്ഞത്. ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തിയത്.
പ്രധാനമന്ത്രിയുടെ ഊര്‍ജസ്വലതയും ചലനാന്മകതയും ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ട് ആണെന്നും തരൂര്‍ പറഞ്ഞു. മോദിയുടെ ഈ സവിശേഷത ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്വത്ത് ആണെന്നും തരൂര്‍ എഴുതി.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളെക്കുറിച്ചും ലോകരാജ്യങ്ങളെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘത്തിലെ ഒരു ഗ്രൂപ്പിനെ നയിച്ചിരുന്നത് തരൂരായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരും തുടര്‍ന്നുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളും ദൃഢനിശ്ചയത്തിന്റെ ഫലപ്രദമായ ആശയവിനിമയമായിരുന്നെന്നും ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ വ്യക്തമായും ശക്തമായും ശബ്ദം ഉയര്‍ത്താന്‍ കഴിയുമെന്ന് ഈ സംഭവങ്ങള്‍ തെളിയിച്ചെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് നേതൃത്വവുമായി തരൂര്‍ അകല്‍ച്ചയിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് തരൂരിന്റെ പുതിയ ലേഖനം വന്നിരിക്കുന്നത്. മുമ്പ് പ്രധാനമന്ത്രിയുടെ വാക്‌സിന്‍ നയതന്ത്രത്തേയും റഷ്യ-ഉക്രൈന്‍ യുദ്ധത്തിലെ മോദിയുടെ നിലപാടിനേയും തരൂര്‍ പ്രശംസിച്ചിരുന്നു.
നിരവധി രാജ്യങ്ങളിലേക്ക് കൊവിഡ് -19 വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വാക്‌സിന്‍ മൈത്രി സംരംഭത്തിന് സാധിച്ചെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
ഉക്രൈന്‍ യുദ്ധം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തരൂര്‍ പ്രശംസിച്ചിരുന്നു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ മോദി തെരഞ്ഞെടുത്ത് നിലപാടായിരുന്നു ശരിയെന്ന് താന്‍ പിന്നീട് മനസിലാക്കിയെന്നും തന്റെ നിലപാട് മറ്റൊരു ദിശയിലായിപ്പോയെന്നും തരൂര്‍ മറ്റൊരവസരത്തില്‍ പറഞ്ഞിരുന്നു.
രണ്ട് രാജ്യങ്ങളുമായി നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞെന്ന് പറഞ്ഞ തരൂര്‍ മോദിയുടെ നയത്തെ എതിര്‍ത്തത് തെറ്റായിപ്പോയെന്നും അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Shashi Tharoor praises Narendra Modi again