ഖത്തര്‍ വ്യോമപാത അടച്ചു
ദോഹ: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടച്ചു.
ദോഹയിലെ യു.എസ് വ്യോമതാവളത്തിന് നേരെയുള്ള ആക്രമണത്തിന് തൊട്ടുമുമ്പാണ് വ്യോമപാത അടച്ചത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് താതക്കാലികമായാണ് വ്യോമപാത അടച്ചതെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
പൗരന്മാരുടെയും സന്ദര്‍ശകരുടെയും മറ്റ് താമസക്കാരുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുത്താണ് ഖത്തര്‍ അധികാരികള്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇന്‍കമിംഗ് വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ തുടങ്ങിയതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഫ്‌ലൈറ്റ് റാഡാര്‍24 ഉം അറിയിച്ചിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായാണ് ഖത്തര്‍ വ്യോമപാത അടച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് താവളമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളവും പശ്ചിമേഷ്യയിലെ ഏറ്റവും തിരക്ക് കൂടിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേസും ദോഹയിലാണുള്ളത്.
Content Highlight: Qatar closes airspace