ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അളകനന്ദ നദിയിലേക്ക് മറിഞ്ഞു; രണ്ട് മരണം, പത്തുപേരെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അളകനന്ദ നദിയിലേക്ക് മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും പത്തുപേരെ കാണാതാവുകയും ചെയ്തു.
രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയിലുള്ള ബദരീനാഥ് ദേശീയപാതയിലെ ഘോൾതിർ ഗ്രാമത്തിന് സമീപമാണ് ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി റെഡ് ക്രോസ് സൊസൈറ്റി രക്ഷാപ്രവർത്തക സംഘത്തിലെ അംഗം സത്യേന്ദ്ര സിങ് ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മൃതദേഹം കണ്ടെടുത്തത് അപകടസ്ഥലത്തിന് സമീപത്തുനിന്നും മറ്റൊന്ന് രുദ്രപ്രയാഗിനടുത്തുള്ള നദിയിൽ നിന്നുമാണ്.
നദിയിലേക്ക് വീഴുമ്പോൾ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 20തിലധികം പേർ ഉണ്ടായിരുന്നുവെന്ന് ഭണ്ഡാരി കൂട്ടിച്ചേർത്തു. അപകടത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
രാവിലെ 7.30 ഓടെയാണ് അപകടം നടന്നതെന്ന് പരിക്കേറ്റവരെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ബദരീനാഥിലെ ധാമിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ളവരായിരുന്നു യാത്രക്കാർ.
Content Highlight: Two killed, 10 missing after vehicle carrying pilgrims falls into Alaknanda river in Uttarakhand